31
August, 2026

A News 365Times Venture

31
Monday
August, 2026

A News 365Times Venture

പാലത്തായി പോക്‌സോ കേസ്- പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച വിധിക്കെതിരെ അപ്പീലില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനം

Date:



Kerala


പാലത്തായി പോക്‌സോ കേസ്: പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച വിധിക്കെതിരെ അപ്പീലില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനം

തലശ്ശേരി: പാലത്തായി പീഡനക്കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് 21നാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്മരാജന്റെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. തുടര്‍ന്ന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

2025 നവംബര്‍ 14ലെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരെ പത്മരാജന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ജാമ്യ ഹരജിയെ എതിര്‍ക്കുന്നതിനും വിചാരണക്കോടതിക്ക് മുമ്പാകെയുള്ള തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.

ജാമ്യ ഹരജി നിശ്ചയിച്ചതിലും നേരത്തെയാക്കി ലിസ്റ്റ് ചെയ്തതിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിജീവിതയായ പെണ്‍കുട്ടി വിചാരണക്കോടതിക്ക് നല്‍കിയ നൂറിലേറെ പേജുള്ള മൊഴി ഹൈക്കോടതിയില്‍ എത്തിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

നിലവില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിലും വിമര്‍ശനം ശക്തമാണ്. കേസില്‍ പ്രോസിക്യൂഷനെതിരെ അതിജീവിതയുടെ കുടുംബം ഗൂഢാലോചന ആരോപിച്ചിരുന്നു.

കേസിലെ പ്രതിയുടെ അപ്പീലും അതിജീവിതയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തങ്ങളെ അറിയിക്കാതെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം മുമ്പ് പറഞ്ഞിരുന്നു.

ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജൂലൈ 23ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രോസിക്യൂഷന്‍ പാലിച്ചില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

പ്രതിയുടെ അപ്പീലില്‍ എന്തെങ്കിലും ഉത്തരവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്നാണ് ജൂലൈ 23ലെ ഉത്തരവില്‍ പറയുന്നത്.

അതിജീവിത പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ മാതാവിനെ വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനിത പൊലീസ് സിവില്‍ വേഷത്തില്‍ വീട്ടിലെത്തി കേസ് വിവരങ്ങളും നിയമസഹായ അവകാശവും മാതാവിനെ ബോധ്യപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ പ്രോസിക്യൂഷന്‍ പാലിച്ചില്ലെന്ന് പ്രതിയെ സഹായിക്കാനുള്ള നീക്കമാണിതെന്നും പ്രോസിക്യൂഷന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു.

10 വയസുകാരിയെ സ്‌കൂളിനകത്തും പുറത്തുംവെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി പത്മരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സാഹചര്യം പരിഗണിക്കാതെയായിരുന്നു വിചാരണ കോടതി വിധിയെന്നും ആരോപിച്ചായിരുന്നു പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ വി. വിജയരാഘവന്‍, എം.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന നിഗമനത്തില്‍ ഇപ്പോള്‍ എത്തിച്ചേരുന്നത് അപക്വമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

ഒരുലക്ഷം രൂപ ബോണ്ടിനും രണ്ട് ആള്‍ ജാമ്യത്തിലുമാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള മറ്റ് ജാമ്യ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി അനുമതിയില്ലാതെ രാജ്യംവിടരുതെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യ വ്യവസ്ഥകളില്‍ പറയുന്നു.

2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

Content Highlights: Palathayi POCSO case: No appeal against the order suspending Padmarajan’s sentence; criticism directed at the government.




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related