സോണിയ ഗാന്ധിയുടെ ആത്മകഥ; പെൻഗ്വിൻ ബുക്ക്സ് പിന്മാറിയത് മോദി സർക്കാരിനെ ഭയന്നെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂദൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്’ (Belonging) പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയത് മോദി സർക്കാരിനെ ഭയന്നാണെന്ന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ലോകപ്രശസ്ത പ്രസാധകരായ ‘നോഫ്’ (Knopf) പുസ്തകത്തിന്റെ പൂർണരൂപം മാറ്റങ്ങളില്ലാതെ പ്രസിദ്ധീകരിക്കാൻ തയാറായിരിക്കെ, ഇന്ത്യയിൽ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്താൻ പെൻഗ്വിൻ നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, മോദി ഭരണകാലത്തെ ചൈനീസ് കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തുന്നുവെന്നും ഇതിനാലാണ് പ്രസാധകർ പിന്മാറുന്നതെന്നും കോൺഗ്രസ് നേതൃത്വവും നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഉയർന്നുവന്ന ആരോപണങ്ങൾ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ തള്ളി. ഇന്ത്യയിൽ ‘ബിലോങ്ങിങ്’ എന്ന പുസ്തകത്തിന്റെ പ്രസാധകർ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയല്ലെന്നും, എഴുത്തുകാരി നിർദേശിച്ച എഡിറ്റോറിയൽ മാറ്റങ്ങൾ അംഗീകരിക്കാത്തതിനാലാണ് പിന്മാറിയതെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അവർ വിശദീകരിച്ചു.
പുസ്തകത്തിന്റെ വസ്തുതകൾ പരിശോധിക്കുന്നതും എഡിറ്റോറിയൽ മാറ്റങ്ങൾ നിർദേശിക്കുന്നതും പ്രസാധന പ്രക്രിയയുടെ സ്വാഭാവിക ഭാഗം മാത്രമാണ്. ചർച്ചകളിലുടനീളം പുസ്തകം പ്രസിദ്ധീകരിക്കാൻ സ്ഥാപനത്തിന് താൽപ്പര്യമുണ്ടായിരുന്നുവെന്നും, എഴുത്തുകാരിയുമായി നടന്ന രഹസ്യ ചർച്ചകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പ്രസാധകർ വ്യക്തമാക്കി.
Content Highlight:Sonia Gandhi’s Autobiography: Penguin Books Withdrew Fearing the Modi Government, Says Prashant Bhushan.




