31
August, 2026

A News 365Times Venture

31
Monday
August, 2026

A News 365Times Venture

സിസേറിയന്‍ ജീവന്‍ രക്ഷാമാര്‍ഗം; നോ യൂട്രസ് നോ ഒപ്പീനിയന്‍- അബ്ദുല്‍ ഹക്കീം അസ്ഹരിക്ക് മറുപടിയുമായി എഴുത്തുകാരി

Date:



Kerala


സിസേറിയന്‍ ജീവന്‍ രക്ഷാമാര്‍ഗം; നോ യൂട്രസ് നോ ഒപ്പീനിയന്‍: അബ്ദുല്‍ ഹക്കീം അസ്ഹരിക്ക് മറുപടിയുമായി എഴുത്തുകാരി

 

കോഴിക്കോട്: പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സമസ്ത എ.പി വിഭാഗം നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോക്ടറും എഴുത്തുകാരിയുമായ ശിമ്‌ന അസീസ്. ഇന്ന് നൊന്ത് പ്രസവമില്ലെന്നും പുതിയ തലമുറയിലെ സ്ത്രീകള്‍ വേനദയനുഭവിക്കാന്‍ തയ്യാറാകുന്നുമില്ലെന്ന അബ്ദുല്‍ ഹകീം അസ്ഹരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ശിമ്‌ന അസീസിന്റെ പ്രതികരണം.

തന്റെ സിസേറിയന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ സുപ്രധാന മാര്‍ഗമാണ് സിസേറിയനെന്നും അതിനെ പ്രസവിക്കാന്‍ പേടിച്ച് കീറുന്നത് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ ധാരണയാണെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിമ്‌ന അസീസിന്റെ പ്രതികരണം.

‘രണ്ട് പെറ്റതാണ്. പതിനാറ് വര്‍ഷം മുമ്പും പതിനൊന്ന് വര്‍ഷം മുമ്പും. ആദ്യത്തെ പ്രസവത്തിന് പതിനൊന്ന് മണിക്കൂര്‍ പ്രാണന്‍ പിടയുന്ന പ്രസവവേദന സഹിച്ച് കഴിഞ്ഞാണ് സിസേറിയന്‍ വേണ്ടി വന്നത്. മോല്യാരുടെ ഭാഷയില്‍ പേറല്ല, കീറായിരുന്നു.

അഞ്ചടിയാണ് എന്റെ ഉയരം, എന്റെ ഇടുപ്പെല്ലിന്റെ വിസ്താരത്തിന് കുഞ്ഞിന്റെ തല ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. സ്വഭാവികപ്രസവം സാധ്യമല്ലാത്ത ശാരീരികഘടനയാണെനിക്ക്. എന്നിട്ടും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ വേദന തിന്നു. അന്ന് പ്രസവിക്കാന്‍ വാശി പിടിച്ചിരുന്നെങ്കില്‍ ഞാനും മോനും അന്നേ തീര്‍ന്നു കാണും. സിസേറിയന്‍ അന്നേരം രണ്ട് പേരുടെ ജീവന്‍രക്ഷാമാര്‍ഗമായിരുന്നു. ആശിച്ചു കൊതിച്ചു ചെയ്തതൊന്നുമല്ല. പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഇത് പോലുള്ള കാരണങ്ങളാല്‍ സിസേറിയന്‍ വേണ്ടി വരുന്നുണ്ട്. ഈ പറയുന്ന ‘പ്രസവിക്കാന്‍ പേടിച്ച് കീറുന്നവര്‍’ ഒക്കെ അതീവന്യൂനപക്ഷമാണ്,’ അവര്‍ പറഞ്ഞു.

തനിക്ക് സാധാരണ പ്രസവം ശ്രമിക്കാമെന്ന പ്ലാനില്‍ ആയിരുന്നത് കൊണ്ട്
ഓപ്പറേഷന് കുറച്ച് നേരം മുന്നേ ഭക്ഷണം കഴിച്ചിരുന്നു. അനസ്തീഷ്യക്ക് മുന്നേ വെള്ളം പോലും കുടിച്ചൂടാ എന്ന് അറിയായിരിക്കുമല്ലോ. കുഞ്ഞിന്റെ അനക്കം കുറഞ്ഞതിനാല്‍ പെട്ടെന്ന് തീയറ്ററില്‍ കേറേണ്ടി വന്നു. എമര്‍ജന്‍സി സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ കഴിച്ചതെല്ലാം മേലോട്ട് ഓക്കാനിച്ചു വന്നു. അത് ശ്വാസകോശത്തിലേക്ക് കടന്നിരുന്നെങ്കിലും എന്റെ ജീവന്‍ അപകടത്തിലാകാമായിരുന്നു. അവിടെയും ആധുനിക വൈദ്യശാസ്ത്രം ജീവന്‍ രക്ഷിച്ചുവെന്നും ശിമ്‌ന അസീസ് പറഞ്ഞു.

‘സിസേറിയന്‍ കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ പ്രാണന്‍ പിടയുന്ന വേദനയായിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ എഴുന്നേറ്റ് ഇരിക്കുമ്പോള്‍ വയറിലെ തുന്നല്‍ വലിഞ്ഞ് പറിയുന്നൊരു അവസ്ഥയുണ്ട്. പതുക്കെ എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചും, തിരിഞ്ഞും മറിഞ്ഞും കിടന്നും ഒക്കെയുമായി ഒരു വിധത്തില്‍ ദിവസങ്ങളോളം എടുത്താണ് നോര്‍മല്‍ അവസ്ഥയില്‍ എത്തിയത്.

സിസേറിയന്‍ ഒരു ചെറിയ കാര്യമല്ല. അതൊരു മേജര്‍ സര്‍ജറിയാണ്.
‘സുഖപ്രസവം’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഏതായാലും ഒരു പെണ്ണായിരിക്കില്ല. നേരിട്ട് കണ്ടിട്ടുള്ള ഒരു പ്രസവത്തിലും അത്ര സുഖമൊന്നും തോന്നീട്ടില്ല. ആരും ചിരിച്ചോണ്ടിരിക്കുന്നത് കണ്ടിട്ടുമില്ല. ഇപ്പോള്‍ എപിഡ്യുറല്‍ കൊടുത്ത് ‘വേദന ഇല്ലാതെ’ പ്രസവിക്കുന്നത് പോലും അത്ര വേദനയില്ലാത്ത പരിപാടിയല്ല. ഒരു ആശ്വാസം കിട്ടും എന്നല്ലാതെ ബാക്കിയൊക്കെ പഴയത് തന്നെ. പ്രസവശേഷവും കുറേ ദിവസം കാണും വലിച്ചിലും വേദനയും.

വേദന സഹിക്കാനുള്ള ശേഷി ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്.
”സ്ത്രീകള്‍ക്ക് പ്രസവവേദന സഹിക്കാന്‍ ക്ഷമയില്ല” എന്ന് ഗര്‍ഭപാത്രം ഇല്ലാത്തവര്‍ക്ക് വായുവില്‍ നിന്ന് എടുത്തുപറയാന്‍ വളരെയെളുപ്പമാണ്. വേദന അനുഭവിക്കുന്നതും സഹിക്കുന്നതും ത്യാഗമായും പുണ്യപ്രവര്‍ത്തിയായും പര്‍വ്വതീകരിക്കുന്നവരും പെണ്ണിനെ അമ്മയായും ദേവിയായും പരിത്യാഗമയിയായ അവലോസുണ്ടയായും ഒക്കെ ചിത്രീകരിച്ചു പുരക്കുള്ളില്‍ പൂട്ടിയിടുന്നവരും തമ്മില്‍ വല്യ വ്യത്യാസമൊന്നും തത്വത്തില്‍ ഇല്ല. പെണ്ണ് പുറത്തിറങ്ങിയാല്‍ അന്നേരം വലിയ നാശം ഉണ്ടാകുമെന്നതൊക്കെ സ്ത്രീത്വത്തോടുള്ള അങ്ങേയറ്റത്തെ അധിക്ഷേപ പ്രയോഗമാണ്,’ അവര്‍ വ്യക്തമാക്കി.

പ്രസവം ഏതാനും മണിക്കൂറുകളുടെ വേദനയല്ലെന്നും, ഏകദേശം 280 ദിവസത്തെ സഹനത്തിന്റെ ഒടുക്കമാണത്. അസാധ്യക്ഷീണം, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍. രക്തത്തിലെ പഞ്ചസാരയിലെ മാറ്റങ്ങള്‍. ഛര്‍ദ്ദി, മനം പിരട്ടല്‍, വിഷാദം, അതിനിടയില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഉപദേശാഭിപ്രായ പ്രകടനങ്ങള്‍ എന്ന് തുടങ്ങി സകലതും സഹിച്ചാണ് ഒരു സ്ത്രീയുടെ പത്ത് മാസം കടന്നുപോകുന്നതെന്നും അവര്‍ പറഞ്ഞു.

പ്രസവം കഴിഞ്ഞാലോ? ശരീരം മുറിവുകളില്‍ നിന്ന് സുഖപ്പെടാന്‍ തുടങ്ങുന്ന സമയത്താണ് മുലയൂട്ടലിലേക്ക് നീങ്ങുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍, ശരീരത്തിലെ വേദനകള്‍. ഹോര്‍മോണ്‍ വ്യതിയാനം, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത, അരക്ഷിതാസ്ഥ, പ്രസവരക്ഷ എന്ന ശിക്ഷ. അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതെല്ലാം സഹിച്ചും ക്ഷമിച്ചും പെറ്റുപോറ്റി വളര്‍ത്തുന്നതിനിടെ, ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട് പഠിച്ചെടുത്ത ക്വാളിഫിക്കേഷന്‍ അനുസരിച്ചുള്ള ജോലി ചെയ്യാന്‍ സമ്മതിക്കാതെ പൂട്ടിയിടലും പുറം ലോകം തനിച്ച് കാണാന്‍ അനുവാദം നിഷേധിച്ച് കാറ്റ് തട്ടാതെ തട്ടിന്‍പുറത്ത് ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കലും അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ്.

അടങ്ങി ഒതുങ്ങി കഴിയാനായിരുന്നെങ്കില്‍ അതിന് വേണ്ടിയാണ് സ്ത്രീയുടെ ശരീരം പ്രകൃതി സജ്ജമാക്കിയിരിക്കുന്നതെങ്കില്‍, ഇന്ന് മനുഷ്യസ്ത്രീ ഇത്രയേറെ ഉയരങ്ങള്‍ കീഴടക്കില്ല. തലച്ചോറും ബുദ്ധിയും കഴിവും ഒക്കെ ഉള്ളത് കൊണ്ട് തന്നെയാണ്

അല്ലെങ്കില്‍, ശാസ്ത്രജ്ഞയായി ബഹിരാകാശം കാണാനും പഠിക്കാനും പോകില്ല . വനിതാ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉണ്ടാകില്ല. ഇത്രയേറെ പുസ്തകങ്ങള്‍ രചിക്കില്ല. പൊതുനന്മക്കായി സംസാരിക്കുന്ന വിപ്ലവകാരികളായ നേത്രികള്‍ ഉണ്ടാകില്ല. വിമാനം പറത്തില്ല.
കൃഷിയും നിര്‍മാണവും ചികിത്സയും എന്ന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിവിധ മേഖലകളില്‍ ശോഭിക്കില്ല…..

സമൂഹത്തിന് മുന്നില്‍ സമുദായത്തെ ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഈ രണ്ടാം തരം പരിപാടി ഉണ്ടാക്കി വയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം മതനേതാക്കള്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ക്ക് ബുദ്ധിയില്ലാതെ പോകുന്നത് എന്താണാവോ! അവര്‍ ചോദിച്ചു.

ഇന്ന് കണ്ടൊരു ഡോക്യുമെന്ററിയില്‍ പോലും രക്ഷിതാക്കളുടെ ശ്രദ്ധ കിട്ടാത്തതിന്റെ പേരില്‍ അതിനു പകരം വീട്ടുക എന്നതുപോലെ എട്ടു കൊലപാതകം നടത്തിയ ഒരു വ്യക്തിയെക്കുറിച്ച് കേട്ടു. രണ്ടു പ്രസവത്തില്‍ നിര്‍ത്തുന്നതിന്റെ ദുഃഖമാണല്ലോ പറഞ്ഞത്. രണ്ടു മക്കളെ നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഉത്തരവാദിത്തപ്പെട്ട പൗരന്മാര്‍ ആക്കാന്‍ ഇത്രമേല്‍ സാങ്കേതികതയും സാമൂഹിക വിപത്തുകളും ഉള്ള ലോകത്ത് എത്ര ഭീഷണി ഉണ്ടെന്ന് മാത്രം സങ്കീര്‍ണ്ണം ആണെന്ന് കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്ക് മനസിലാകുന്നില്ല!

പെണ്ണ് എത്ര പ്രസവിക്കണമെന്ന് അവളും പങ്കാളിയും ചേര്‍ന്ന് തീരുമാനിച്ചോളും. പ്രിന്റര്‍ അല്ല, മജ്ജയും മാംസവും വികാരവും വേദനയും ഒക്കെയുള്ള മനുഷ്യനാണ്. പുറത്ത് എടുക്കുന്നത് പ്രിന്റൗട്ടും അല്ല, ചുരുങ്ങിയത് രണ്ടര കിലോ ഒരു മനുഷ്യക്കുഞ്ഞിനെയാണ്. നല്ല അധ്വാനമുണ്ട്. നോ യൂട്രസ് നോ ഒപ്പീനിയന്‍ അത്രേള്ളൂ…

ബോഡി ഓട്ടോണമി എന്നൊരു സാധനം ഉണ്ട്. ഒന്ന് വായിച്ച് പഠിക്കുന്നത് നന്നാവും. അപ്പഴും നിങ്ങളൊന്നും നന്നാവുമെന്ന് തരിമ്പും പ്രതീക്ഷയില്ല. ശിമ്‌ന അസീസ് കുറിച്ചു.

അസ്ഹരിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സ്ത്രീകള്‍ നൊന്ത് പ്രസവിക്കണ്ട എന്ന ആശയം സമൂഹം പഠിപ്പിച്ചെന്നും പുതിയ തലമുറയിലെ സ്ത്രീകള്‍ വേദന അനുഭവിക്കാനോ പ്രസവിക്കാന്‍ തയ്യാറോ അല്ലെന്നുമായിരുന്നു അസ്ഹരിയുടെ പരാമര്‍ശം.

കുഞ്ഞ് ഒന്നോ രണ്ടോ മതി എന്ന ആശയത്തിലേക്ക് പുതുതലമുറ എത്തിയതിന്റെ ദുരന്തം അനുഭവിക്കാന്‍ പോകുകയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് ഇത് കാരണമാകുന്നുവെന്നും അസ്ഹരി പറഞ്ഞു. യുക്തിവാദികള്‍ സ്ത്രീകളെ ബ്രെയിന്‍വാഷ് ചെയ്യുന്നുവെന്നും അസ്ഹരി പറഞ്ഞു.

Content Highlight: Caesarean section is a life-saving measure; ‘No uterus, no opinion’ — Writer responds to Abdul Hakeem Azhari.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related