ലുബ്ലിയാന: ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സആറിനെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.എഫ്) സ്ലൊവേനിയയില്‍ പരാതി നല്‍കി. സആര്‍ ഈ ആഴ്ച സ്ലൊവേനിയന്‍ തലസ്ഥാനം ലുബ്ലിയാന സന്ദര്‍ശിക്കാനിരിക്കെയാണ് എച്ച്.ആര്‍.എഫ് പരാതി നല്‍കിയതെന്ന് അനഡോളു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗസയിലെ വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങള്‍, പീഡനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ക്രിമിനല്‍ പരാതി. ലുബ്ലിയാന ജില്ലാ പ്രോസിക്യൂട്ടറുടെ ഓഫീസിലും പൊലീസിലും പരാതി സമര്‍പ്പിച്ചതതായി എച്ച്.ആര്‍.എഫ് വ്യക്തമാക്കി.
ലുബ്ലിയാനയില്‍ പുതിയ ഇസ്രഈലി എംബസിയുടെ ഉദ്ഘാടനത്തില്‍ സആര്‍ പങ്കെടുക്കുമെന്ന് സ്ലോവേനിയയില്‍ പ്രവര്‍ത്തിക്കുന്ന ഐക്യദാര്‍ഢ്യ ഗ്രൂപ്പുമായ മൂവ്മെന്റ് ഫോര്‍ ദി റൈറ്റ്സ് ഓഫ് ഫലസ്തീനീസ് വഴി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും എച്ച്.ആര്‍.എഫ് അറിയിച്ചു.
2024 ഒക്ടോബര്‍ എട്ടിനും ഡിസംബര്‍ 27 നും ഇടയില്‍ വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം അടക്കമുള്ളവയില്‍ സആറഖിന് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആശുപത്രി ഡയറക്ടര്‍ ഡോ. ഹൊസം അബു സഫിയെ അറസ്റ്റ് ചെയ്ത് തുടര്‍ച്ചയായി തടങ്കലില്‍ വെച്ചതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചും എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങളിലും പീഡനങ്ങളിലും സആറിന് ക്രിമിനല്‍ ഉത്തരവാദിത്തമുണ്ടെന്ന് പരാതിയില്‍ പറയുന്നു.
ഗാസയിലെ നശീകരണ പ്രവര്‍ത്തനങ്ങളിലും അധിനിവേശത്തിലും, സിവിലിയന്മാരെ കൂട്ടത്തോടെ കുടിയിറക്കുന്നതിലും സആറിന് പങ്കുണ്ട്. ഗസയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നകളും എത്തിച്ചേരുന്നതില്‍ നിയന്ത്രണം വരുത്തുന്നതിലും സആറിന് പങ്കുള്ളതായും ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതായില്‍ പറയുന്നു.
സ്ലോവേനിയന്‍ നിയമവും നാലാം ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകളും അടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് പരാതി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം സ്റ്റാറ്റിയൂട്ട്, പീഡനത്തിനെതിരായ യു.എന്‍ കണ്‍വെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര നിയമ വ്യവസ്ഥകളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
സആറിനെതിരെ തങ്ങള്‍ മുമ്പ് സ്വീകരിച്ച നടപടികളെക്കുറിച്ചും എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ പറയുന്നു. അത് സംബന്ധിച്ച രേഖകളും ലുബ്ലിയാന ജില്ലാ പ്രോസിക്യൂട്ടറുടെ ഓഫീസിലും പൊലീസിലും എച്ച്.ആര്‍.എഫ് സമര്‍പ്പിച്ചിട്ടുണ്ട്.
2025 ഫെബ്രുവരിയില്‍ സആറിന്റെ ബ്രസ്സല്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി ഐ.സി.സിക്ക് അയച്ച കത്താണ് ഈ രേഖകളിലൊന്ന്. 2025 ഏപ്രിലില്‍ സആറിന്റെ ലണ്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചും എച്ച്.ആര്‍.എഫ് നിയമ നടപടികളിലേക്ക് പോയിരുന്നു. അതിന്റെ രേഖകളും സംഘടന പരാതിക്കൊപ്പം സമര്‍പിച്ചു.
സആറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എച്ച്.ആര്‍.എഫ് സ്ലോവേനിയന്‍ അധികൃതരോട് ആവശ്യപ്പെട്ടു. സആര്‍ തന്റെ ചെയ്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി നയതന്ത്ര പദവി ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന സ്ലോവേനിയന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
‘എത്ര ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരായാലും നിയമത്തിന് അതീതരല്ല,’ എന്ന് എച്ച്.ആര്‍.എഫ് ഡയറക്ടര്‍ ജനറല്‍ ദിയാബ് അബൗ ജഹ്ജ പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരായ അന്വേഷണങ്ങള്‍ക്കായി സ്ലോവേനിയന്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബാങ്കില്‍ പുതിയ അനധികൃത വാസസ്ഥലങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്രഈലിന്റെ തീരുമാനത്തെ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന സ്ലൊവേനിയ വീറ്റോ ചെയ്തിരുന്നു. ഇസ്രഈലിനെതിരായ പ്രസ്താവന വീറ്റോ ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്ലാവേനിയന്‍ പ്രസിഡന്റ് നടാസ പിര്‍ക്ക് മുസാര്‍ വിമര്‍ശിക്കുകയും ചെയ്തരുന്നു.
ഫലസ്തീന്‍ പ്രദേശത്ത് കൂടുതല്‍ ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെതിരായ യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയെ സ്ലൊവേനിയ പിന്തുണയ്ക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ‘അന്താരാഷ്ട്ര നിയമം രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ വിഷയമല്ല, അതില്‍ ഇരട്ടത്താപ്പ് പാടില്ല. അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്,’ അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Content Highlight: Hind Rajab Foundation files criminal complaint against Israeli foreign minister ahead of Slovenia visit




