9
September, 2026

A News 365Times Venture

9
Wednesday
September, 2026

A News 365Times Venture

കാന്തപുരത്തിനെതിരായ വിമര്‍ശനം: നിലപാടില്‍ താന്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്ത് ഇടപെടുന്നതിനെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടുത്തിടെ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള നിലപാടില്‍ താന്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തന്റെ നിലപാട് വളരെ വ്യക്തമായാണ് നിങ്ങളോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ എന്റെ നിലപാട് മാറ്റിയാല്‍ നിങ്ങളെ തന്നെ വിളിച്ചു പറയും. നിലപാട് ഇങ്ങനെ മാറിയെന്നും എനിക്കൊരു തെറ്റ് പറ്റിയെന്നും പറയുമായിരുന്നു. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒരു മാറ്റവുമില്ല,’ സതീശന്‍ പറഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാമില്‍ അന്നത്തെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഇപ്പോഴും ഉണ്ട്. ഇന്‍സ്റ്റഗ്രാമിലേക്ക് വേണ്ടി വീഡിയോ മൂന്ന് നാല് തവണ അപ് ലോഡ് ചെയ്തിരുന്നു. ഫേസ്ബുക്കിലും അത് ഓട്ടോമാറ്റിക്കായി വന്നു. ഫേസബുക്കില്‍ ഓള്‍റെഡി അതേ വീഡിയോ ഉണ്ടായിരുന്നതിനാലാണ് പുതുതായി വീണ്ടും അതേ വീഡിയോ അപ് ലോഡ് ആയത് പിന്നീട് ഡീലിറ്റ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

‘ഞാന്‍ ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞു വ്യാപകമായി നിങ്ങളില്‍ പലരും വാര്‍ത്ത കൊടുത്തു. അപ്പോഴും നിങ്ങള്‍ അത് പറയുമ്പോഴും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആ വീഡിയോ ഉണ്ട്,’ സതീശന്‍ പറഞ്ഞു. അന്ന് എ.പി. നേതാക്കള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നതിനാലാണ് തന്നെ കണ്ടത്. അന്ന് വൈകുന്നേരം അവരെ കാണാമെന്നാണ് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ പരാമര്‍ശത്തെ മുഖ്യന്ത്രി വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ നിലപാട് മാറ്റിയെന്നും കാന്തപുരത്തിനെതിരായ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ താന്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറയുന്നതെന്നും അടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവര്‍ വീടുകളില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്‌ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവര്‍ക്കും അറിയാവുന്ന ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രവാചകന്റെ മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സര്‍വ്വസൈന്യാധിപയായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബില്‍കീസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തില്‍ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകള്‍ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അടുത്തിടെ കാന്തപുരം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കാന്തപുരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറയുകയും ചെയ്തു. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു കാന്തപുരത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Content Highlight: Kerala CM VD Satheesan About his recent stand on Remarks of Kanthapuram

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related