തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന നിരക്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയിൽ നിന്നടക്കം വൈദ്യുതി വാങ്ങാൻ അടിയന്തര നീക്കവുമായി സർക്കാർ.
‘പണത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ല, പവർ ആണ് വേണ്ടത്’ എന്ന നിലപാടിലാണ് സർക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത ചൂടിൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പവർ, ഫിനാൻസ് സെക്രട്ടറിമാരും പങ്കെടുത്ത ഉന്നതതല യോഗം ചേർന്നാണ് നടപടികൾ ചർച്ച ചെയ്തത്. മുഖ്യമന്ത്രിയും താനും യാത്രയിലായിരുന്നതിനാൽ ഓൺലൈനായാണ് യോഗം ചേർന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി എത്തിക്കാനാണ് ശ്രമം. എൻ.ടി.പി.സി കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ കൂടിയ വിലയ്ക്ക് വാങ്ങിയാലും ആക്ഷേപങ്ങളോ തടസങ്ങളോ ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്നും 10 രൂപയിൽ താഴെ കിട്ടുമായിരുന്ന വൈദ്യുതി 30 രൂപയ്ക്ക് വാങ്ങുന്നുവെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരമൊരു കത്തോ ലഭ്യതയോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി.
4.29 രൂപയ്ക്ക് കിട്ടുമായിരുന്നത് 30 രൂപയ്ക്ക് വാങ്ങുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗം ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ 10 രൂപയ്ക്ക് മുകളിൽ അനുമതി നൽകാത്തതിനാൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ആലോചിക്കുന്നത്. ഈ അധികഭാരം ജനങ്ങളിൽ ഏൽപ്പിക്കുമോ എന്ന കാര്യം ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് 4.29 രൂപയ്ക്ക് ഒപ്പിട്ട കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വിമർശിച്ചു. കരാർ റദ്ദാക്കി ആറ് മാസം കഴിഞ്ഞാണ് തീരുമാനം പുനപരിശോധിക്കാൻ കമ്മീഷന് ശുപാർശ നൽകിയത്. അപ്പോഴേക്കും കമ്പനികൾ ഉയർന്ന വിലയ്ക്ക് പുറത്ത് വിൽക്കാൻ തുടങ്ങി. 4.29 രൂപയ്ക്ക് ലഭിക്കേണ്ടിയിരുന്ന 465 മെഗാവാട്ട് വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ മാർച്ചിലും ഏപ്രിലിലും വൈദ്യുതി കടമെടുക്കേണ്ടി വരുമായിരുന്നില്ലെന്നും, കരാർ പുനസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Content Highlight:Worrying about money is pointless; what we need is power”: Minister Sunny Joseph says government plans to buy electricity even at high rates.




