17
September, 2026

A News 365Times Venture

17
Thursday
September, 2026

A News 365Times Venture

മെസിയുടെ വരവുമായി ബന്ധപ്പെട്ട കേസ് : എസ്.ഐ.ടി നടപടികളിൽ ആഭ്യന്തര വകുപ്പ് ഇടപെടാറില്ലെന്ന് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രവർത്തിക്കുന്നത് നിയമപരമായാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

റിപ്പോർട്ടർ ടി.വിയിൽ നടന്ന പരിശോധനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കായിക വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി യുക്തമായ നടപടിക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നുവെന്നും, തുടർന്നാണ് എ.ഡി.ജി.പി ശ്രീ. വിജയന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സെർച്ച് വാറന്റ് ഉൾപ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അന്വേഷണ സംഘം മാധ്യമസ്ഥാപനത്തിൽ പരിശോധന നടത്തിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകഴിഞ്ഞാൽ അവർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും, എവിടെ, എപ്പോൾ പരിശോധന നടത്തണമെന്ന് സർക്കാരോ ആഭ്യന്തര മന്ത്രിയോ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശോധന സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് താനും അറിഞ്ഞതെന്നും പൊലീസിന്റെ സ്വാഭാവിക അന്വേഷണത്തിൽ ഒരിക്കലും ഇടപെടാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തതിലടക്കം എന്തെങ്കിലും നിയമവിരുദ്ധമായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പരിശോധന അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളി.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മാധ്യമ സ്ഥാപനം പൂട്ടിക്കുകയും എഡിറ്ററെ 70 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തപ്പോഴോ, ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പ്രവർത്തകർക്കെതിരെ ശക്തമായ പൊലീസ് നടപടികൾ ഉണ്ടായപ്പോഴോ ആരും അടിയന്തരാവസ്ഥ കണ്ടില്ലെന്നും ഇപ്പോൾ മാത്രം അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും പൊലീസ് നടപടിയുണ്ടാകുമെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Case Related to Messi’s Visit: Home Department Does Not Interfere in SIT Proceedings, Says Ramesh Chennithala.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related