നോയിഡ: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവ കലാകാരി സൃഷ്ടി ഗുപ്ത അഞ്ച് മാസത്തിലേറെയായി ജയിലിലാണ്. തൊഴിലാളികളുടെ വേതന വര്‍ധന ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് സൃഷ്ടിയെ അറസ്റ്റ് ചെയ്തത്.
തൊഴിലാളികള്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കലാകാരിയാണ് സൃഷ്ടി.
ദല്‍ഹിയിലെ കോളജ് ഓഫ് ആര്‍ട്ടില്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ച സൃഷ്ടി പിന്നീട് ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ മാസ്റ്റേഴ്‌സ് പഠനം പൂര്‍ത്തിയാക്കി. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുമായി അടുത്തിടപഴകുന്നതിലും സൃഷ്ടി സജീവമായിരുന്നു.
ശാന്തിനികേതനിലെ സാന്താള്‍ ഗ്രാമങ്ങളില്‍ താമസിച്ചും അവിടുത്തെ ജനങ്ങളുമായി പ്രവര്‍ത്തിച്ചുമാണ് സൃഷ്ടി കലയും സാമൂഹിക ഇടപെടലുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയത്.
ദല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ തൊഴിലാളികളും സ്ത്രീകളും കുട്ടികളും താമസിക്കുന്ന പ്രദേശങ്ങളിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടി സജീവമായി. ഷഹബാദ് ഡയറിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അടിസ്ഥാന വിദ്യാഭ്യാസവും കലാപഠനവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
കമ്മ്യൂണിറ്റി ലൈബ്രറി പ്രവര്‍ത്തനങ്ങളിലും ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും പ്രദേശത്തെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളിലും അവര്‍ പങ്കാളിയായിരുന്നു.
2026 ഏപ്രിലില്‍ നോയിഡയിലെ വ്യവസായ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ വേതന വര്‍ധന, ഓവര്‍ടൈം വേതനം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളുമായി പ്രതിഷേധിച്ചു.
ഈ പ്രതിഷേധത്തിന് പിന്തുണയുമായി സൃഷ്ടിയും മറ്റ് പ്രവര്‍ത്തകരും രംഗത്തെത്തി. ഏപ്രില്‍ 13ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതിന് പിന്നാലെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സൃഷ്ടിക്കെതിരെ 11 കേസുകളാണ് നിലവിലുള്ളതെന്നും ഇതില്‍ രണ്ടെണ്ണത്തില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ദി സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സൃഷ്ടിക്കെതിരായ പൊലീസ് ആരോപണങ്ങളെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിരന്തരം ചോദ്യം ചെയ്തു.
പ്രതിഷേധക്കാര്‍ക്കായി പോസ്റ്ററുകളും ചിത്രങ്ങളും തയ്യാറാക്കിയത് സൃഷ്ടിയാണെന്നും സമരത്തിനായി തൊഴിലാളികളെ പ്രേരിപ്പിച്ചത് അവരാണെന്നുമാണ് പൊലീസ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങളെ സൃഷ്ടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിഷേധിക്കുന്നുണ്ട്.
സൃഷ്ടിക്ക് മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധമുണ്ടെന്നും ചില പുസ്തകങ്ങള്‍ കൈവശം വച്ചിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.
അതേസമയം, സൃഷ്ടിയുടെ വീട്ടില്‍ പൊലീസ് തെളിവുകള്‍ കൃത്രിമമായി സ്ഥാപിക്കാന്‍ ശ്രമിച്ചെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പൊലീസ് ഈ ആരോപണം നിഷേധിക്കുകയും കോടതി ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തിയതെന്നും മറുപടി നല്‍കി.
എന്നാല്‍ സൃഷ്ടിക്കെതിരെ പൊലീസും അധികാരികളും നടത്തുന്ന ഗൂഢാലോചനക്കെതിരെ സുഹൃത്തുക്കളും പ്രവര്‍ത്തകരും ശക്തമായ സമരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
നോയിഡ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസിന്റെ നടപടികള്‍ക്കെതിരെ അലഹബാദ് ഹൈക്കോടതിയും നേരത്തെ രൂക്ഷമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
മറ്റൊരു യുവ പ്രവര്‍ത്തകയായ അകൃതി ചൗധരിക്കെതിരായ ദേശീയ സുരക്ഷാ നിയമപ്രകാരം ചുമത്തിയ കേസ് ‘കെട്ടിച്ചമച്ച കഥകള്‍’ എന്ന് പറഞ്ഞ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സൃഷ്ടി ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഇന്നും തുടരുകയാണ്.
സൃഷ്ടിയുടെ അറസ്റ്റിന് പിന്നാലെ അവരുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നവരും ഷഹബാദ് ഡയറിയിലെ കുട്ടികളും അവരുടെ മോചനത്തിനായി മാസങ്ങളായി പ്രതിഷേധിക്കുകയാണ്.
തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഇടയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു യുവ കലാകാരിയാണ് രാജ്യത്തെ ജയില്‍ ഇന്നും തടങ്കലില്‍ കഴിയേണ്ടി വരുന്നത്.
ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികള്‍ വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചത്.
തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനവും ദിവസം 12 മണിക്കൂര്‍ ജോലിയുമാണ് ചെയ്യേണ്ടി വന്നത്.
Content Highlights: Who is Srishti Gupta, who has been in jail for five months for supporting the Noida workers’ protest?




