ബെംഗളൂരൂ: വോട്ടര്‍മാരെ വെട്ടിമാാറ്റിയതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ വി. അന്‍പ്കുമാറിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.
നിയമപരമായ പോരാട്ടത്തിലൂടെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ താന്‍ ഇവിടെ തുടരുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റാന്‍ മുന്‍കൂട്ടി പൂരിപ്പിച്ച ഫോം-7 അപേക്ഷകള്‍ ശിവകുമാര്‍ നേരത്തെ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമാണ് ഇവ കൂട്ടത്തോടെ ഫയല്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ പെട്ട അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കാനുള്ള വലിയ ക്രിമിനല്‍ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടാനും വര്‍ഗീയവത്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവാരണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അതിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയക്കണമെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 1.08 കോടി വോട്ടര്‍മാരെയാണ് സംസ്ഥാനത്ത് സ്ഥലം മാറിയവര്‍, വിട്ടുപോയവര്‍, മരണപ്പെട്ടവര്‍, ഇരട്ടിപ്പുള്ളവര്‍’ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 65.45 ലക്ഷം പേര്‍ സ്ഥലം മാറിയവരായും, 15.17 ലക്ഷം പേര്‍ വിട്ടുപോയവരായും, 16.39 ലക്ഷം പേര്‍ മരണപ്പെട്ടവരായും രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ മാത്രം കരട് വോട്ടര്‍ പട്ടികയില്‍ 43.6 ശതമാനത്തിന്റെ കുറവുണ്ടായി.
പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ, വോട്ടറുടെ പേരും ഇ.പി.ഐ.സി നമ്പറും ‘ഫോം ഏഴ്’ അപേക്ഷകളില്‍ മുന്‍കൂട്ടി അച്ചടിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. ഇത് തെരഞ്ഞെടുപ്പ് വിവരങ്ങളുടെ ഉറവിടത്തെക്കുറിച്ചും അവയുടെ ദുരുപയോഗ സാധ്യതയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.
Content Highlight: Karnataka Chief Minister stages a sit-in protest outside the Election Commission office against the deletion of voters’ names, vowing not to back down until legal protection for the people is ensured.




