15
October, 2026

A News 365Times Venture

15
Thursday
October, 2026

A News 365Times Venture

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലവുമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലഭിക്കുന്ന എല്ലായിടത്ത് നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇത് ഏകോപിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് വൈദ്യുതി ഒഡീഷയില്‍ നിന്നും വാങ്ങിയിരുന്നു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതി വാങ്ങുന്നതിന് എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗം, സ്വന്തം ഉത്പാദനത്തിലെ പരിമിതി, രാത്രിയിലെ ഉയര്‍ന്ന ഡിമാന്റ് എല്ലാം ബാധിച്ചുവെന്നും നമുക്ക് 2500 മെഗാവാട്ട് റിന്യൂവിബള്‍ എനര്‍ജി, സോളാര്‍ എനര്‍ജി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും സ്‌റ്റോറേജ് ഫെസിലിറ്റി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ എനര്‍ജി പകല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നും ഇത് വൈദ്യുതി ബോര്‍ഡിന് കൊടുക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പീക്ക് അവറില്‍ പകരം വൈദ്യുതി വീടുകളിലേക്ക് നല്‍കുകയാണ്. 2500 മെഗാവാട്ട് സോളാര്‍ എനര്‍ജി ഉത്പാദിപ്പിച്ചിട്ടും സ്‌റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തതിനാല്‍ പീക്ക് അവറില്‍ വൈദ്യുതി കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനേക്കാള്‍ 925 മെഗാവാട്ട് വൈദ്യുതി ഉപഭോഗം ഈ സെപ്റ്റംബറില്‍ പല കാരണങ്ങള്‍ കൊണ്ട് കൂടിയിട്ടുണ്ടെന്നും അതിനനുസരിച്ചുള്ള പ്ലാനിംഗ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോംഗ് ടൈം പര്‍ച്ചേസ് ഇല്ലെന്നും യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് ലഭ്യമാകുന്ന ലോംഗ് ടൈം പര്‍ച്ചേസിന്റെ 25 വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയിട്ടും പകരം എഗ്രിമെന്റ് വച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദീര്‍ഘകാലത്തേയ്ക്ക് കരാര്‍ വയ്ക്കുന്നതിന് ഞങ്ങള്‍ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നെഗോഷ്യേറ്റ് ചെയ്യുന്നു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. 85 ശതമാനം വൈദ്യുതി അവരുടെ സ്ഥാപനങ്ങളിലുളളത് സ്‌റ്റേറ്റുകള്‍ക്ക് കൊടുക്കും. പതിനഞ്ച് ശതമാനം മാത്രമേ അവരുടെ ഉപയോഗത്തിന് എടുക്കുകയുള്ളൂ’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

280 മെഗാവാട്ട് അവരുടെ കൈവശമുണ്ടെന്നും സംസാരിച്ച് നാല് രൂപ അറുപത്തിയഞ്ച് പൈസയ്ക്ക് 150 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നുന്നെന്നും മുഖ്യമന്തി പറഞ്ഞു. ഇന്ന് തന്നെ ഒരു ടീം മുംബയില്‍ എത്തി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുമെന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍.ടി.പി.സിയുമായും എല്ലാവരുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ മുപ്പത് രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പകല്‍ അവര്‍ 130 മെഗാവാട്ട് വൈദ്യുതി തരാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ രാത്രി 80 മെഗാവാട്ട് മാത്രമേ നല്‍കൂ. രണ്ടിനും ഒരേ റേറ്റാണ്. 13 രൂപയോളം വരും. രാത്രി 80 മെഗാവാട്ട് കിട്ടുന്നതിന് വേണ്ടി പകലും വൈദ്യുതി വാങ്ങേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ മുപ്പത് രൂപയ്ക്ക് അടുത്ത് വരും. പ്രായോഗികത നോക്കി മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ’, മുഖ്യമന്ത്രി പറഞ്ഞു

എന്‍.ടി.പി.സി, എന്‍.സി.പി.എല്‍, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക ഗവണ്‍മെന്റുകള്‍ എന്നിവരൊക്കെയായി ചര്‍ച്ച നടത്തിയിരുന്നുവെന്നും തമിഴ്‌നാട് സര്‍ക്കാര്‍ 38 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുതിന് എഗ്രീമെന്റ് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് രൂപയ്ക്ക് താഴെ മാത്രമേ വാങ്ങാവൂ എന്ന് നമുക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സീലിംഗ് ഉണ്ടെന്നും പത്ത് രൂപയ്ക്ക് താഴെ വാങ്ങാനുള്ള ശ്രമമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പടെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും ബി.ജെ.പിക്ക് പറയുമ്പാള്‍ 25 വര്‍ഷത്തെ മൊത്തത്തിലെടുത്ത് കണക്ക് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പവര്‍കട്ട് കുറച്ചു കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരാഴ്ച കൊണ്ട് പൂര്‍ണ്ണമായി നിയന്ത്രണത്തിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. എല്‍നിനോ പ്രതിഭാസം മൂലം ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെ ചൂട് കൂടുന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരും. അതിനുളള പ്ലാന്‍ വേറെ ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള ഒരു ദീര്‍ഘകാല പ്ലാന്‍ ആണ് വേണ്ടത്. ഒരു പുതുക്കിയ വൈദ്യുതി നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും’, മുഖ്യമന്ത്രി പറഞ്ഞു

ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഹ്രസ്വകാല പ്രശ്‌നമാണെന്നും എന്നാല്‍ സൂക്ഷിച്ചിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ദീര്‍ഘകാല പ്രതിസന്ധിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ അയ്യായിരം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമെന്നും ഇത് 2030 ല്‍ എത്തുമ്പോള്‍ 10000 മെഗാവാട്ട് ആയി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമി കണ്ടക്ടര്‍, എ.ഐ അധിഷ്ഠിത ബിസിനസ് എന്നിവ വരുമ്പോള്‍ ഇനിയും ഉപഭോഗം കൂടുമെന്നും പ്രൊജക്ഷന്‍ കൂടി കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ദീര്‍ഘകാല നയം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘റിന്യുവബിള്‍ എനര്‍ജി തന്നെ 2500 മെഗാവാട്ട് എന്നുള്ളത് സ്‌റ്റോറേജ് ഫെസിലിറ്റിയിലൂടെ അയ്യായിരം ആറായിരം മെഗാവാട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിയും. സ്‌റ്റോര്‍ ചെയ്ത് പീക്ക് അവറില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എത്തിക്കും. വളരെ വിശദമായ പവര്‍ പോളിസി ഉണ്ടാകും. കൂടുതല്‍ ഹൈഡല്‍ പ്രോജക്ടുകള്‍ക്ക് ഇനി പരിമിതിയുണ്ട്.. പമ്പ്ഡ് സ്‌റ്റോറേജ് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അതിന് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ ഗവണ്‍മെന്റ് അതിലേക്ക് കടക്കുകയാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ തന്നെ റിന്യുവബിള്‍ എനര്‍ജിയില്‍ നിക്ഷേപത്തിന് നിരവധി പ്രൊപ്പോസലുകള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടന്നും വകുപ്പുകള്‍ അത് പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കര്‍ണ്ണാടക കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ അയ്യായിരം മെഗാവാട്ട് ഉത്പാദിപ്പിച്ചു. നമ്മള്‍ ഉണ്ടാക്കിയില്ല. നമുക്ക് സ്‌റ്റോറേജ് ഫെസിലിറ്റി ഇല്ല. ഞാന്‍ പൊളിറ്റിക്കലായി പറയുന്നതല്ല. ചെയ്യാത്തതിന്റെ പ്രശ്‌നമാണ് നമ്മള്‍ അനുഭവിക്കുന്നത്. ഒരു പ്ലാനിംഗ് ഉണ്ടായില്ല. ഒരു പ്രൊജക്ഷന്‍ ഉണ്ടായില്ല. നേരത്തെ എ.സി ഉപയോഗിച്ചിരുന്നത് ലക്ഷ്വറി പോലെ അപ്പര്‍ ക്ലാസ് ആയിരുന്നു, പിന്നെ മിഡില്‍ ക്ലാസ് ആയി. ഇപ്പോള്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്നു. അത് അനിവാര്യമായ ഘടകമായി മാറി’, മുഖ്യമന്ത്രി പറഞ്ഞു.

പുനരുപയോഗ ഊര്‍ജമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സ്വകാര്യ സംരംഭകരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവത്കരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി വലിയ ക്യാമ്പയിന്‍ നടന്നതെന്നും അങ്ങനെ ഒരു നീക്കവുമില്ലെന്നും പറഞ്ഞു. ബോര്‍ഡിനെ സ്വയംപര്യാപ്തമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

സരള്‍ കേരളം പദ്ധതി

കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authortiy) രൂപം നല്‍കും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഈ പുതിയ സംവിധാനമനുസരിച്ച് 25 കോടി മുതല്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതല ബോഡിയും 50 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനതല ബോഡിയുമാണ് അനുമതി നല്‍കുന്നത്. കേരള വ്യാവസായിക വികസന കോര്‍പ്പറേഷനാണ് (KSIDC) ഇതിന്റെ ഏകോപന ചുമതല. പദ്ധതി വഴി വകുപ്പുകളുടെ അധികാരം കവര്‍ന്നെടുക്കുന്നില്ല.

മറിച്ച്, ഒരു പ്രൊപ്പോസല്‍ വന്നാല്‍ ഓരോ വകുപ്പും നിശ്ചിത ദിവസങ്ങള്‍ക്കകം പരിശോധന പൂര്‍ത്തിയാക്കി മറുപടി നല്‍കണമെന്ന് നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നത്. വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം അപ്രൈസല്‍ ബോഡി വിലയിരുത്തി സമിതിയുടെ മുന്‍പാകെ വച്ച് വേഗത്തില്‍ അന്തിമ അനുമതി നല്‍കും. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അപ്പീല്‍ സംവിധാനവും ഇതിലുണ്ട്.

വര്‍ഷങ്ങളോളം (5 മുതല്‍ 7 വര്‍ഷം വരെ) അനുമതി ലഭിക്കാതെ കിടക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രൊപ്പോസലുകള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും. എല്ലാ വകുപ്പുകളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തി, അവരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡ്രാഫ്റ്റാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. വ്യവസായ സംരംഭകര്‍ക്ക് തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നതിലൂടെ കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് വലിയൊരു പുതിയ വാതിലാണ് ‘സരള്‍ കേരളം’ തുറന്നിടുന്നത്.

എറണാകുളത്ത് രണ്ട് എക്‌സ്‌ക്ലൂസിവ് എന്‍.ഐ.എ കോടതികള്‍

എറണാകുളത്ത് രണ്ട് എക്‌സ്‌ക്ലൂസീവ് എന്‍.ഐ.എ (National Investigation Agency) കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. മുന്‍പ് തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്ന ഈ വിഷയത്തില്‍ കോടതിയുടെ ഇടപെടലുകള്‍ കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കോടതികളുടെ സാമ്പത്തിക ചെലവുകള്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്.

ആരോഗ്യവകുപ്പില്‍ റേഡിയോഗ്രാഫര്‍

ആരോഗ്യവകുപ്പിന് കീഴില്‍ ‘റേഡിയോഗ്രാഫര്‍ ഗ്രേഡ് 2’ വിഭാഗത്തില്‍ 18 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ റേഡിയോഗ്രാഫര്‍മാരുടെ കുറവ് മൂലം സാധാരണക്കാരായ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ തീരുമാനം.

ടി.വി ചാനലിലെ പൊലീസ് റെയ്ഡ്

പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ല. രാവിലെ റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത ഞാന്‍ അറിയുന്നത് തന്നെ ആ ടി.വി ചാനലില്‍ നിന്നാണ്. നിയമപരമായി എസ്.ഐ.ടിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ആ റെയ്ഡ് നടത്തിയത്. ഇതൊന്നും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായല്ല.

മെസിയെ കേരളത്തിലേക്ക് കൊണ്ടുവരും അര്‍ജന്റീന ടീമിനെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞു നടത്തിയ ഒരു വിവാദമുണ്ട്. ആ വിവാദത്തെപ്പറ്റിയുള്ള പരാതി കായികവകുപ്പ് ഗവണ്‍മെന്റിനു തന്നിട്ടുണ്ടായിരുന്നു. ജി.എസ്.ടി വകുപ്പ് മെസി വിവാദം സംബന്ധിച്ച് എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

അതുകൂടാതെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി രൂപീകരിച്ചത്. അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോടുകൂടിയാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായിട്ടുള്ള റെയ്ഡാണ് എന്നാണ് എനിക്കുകിട്ടിയിട്ടുള്ള വിവരം.

റെയ്ഡിനെ അപലപിച്ച് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ചെയ്ത റെയ്ഡിന്റെ കാര്യം പറയട്ടെ. 2017 ല്‍ മംഗളം ടി.വി റെയ്ഡ് ചെയ്തു. അതിന്റെ സി.ഇ.ഒ ഉള്‍പ്പടെയുള്ള അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

2023 മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. ഞാന്‍ അത് അസംബ്ലിയില്‍ കൊണ്ടുവന്നതാണ്. റെയ്ഡ് ചെയ്ത് നിരവധി വകുപ്പുകള്‍ ചുമത്തി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , റീജിയണല്‍ എഡിറ്റല്‍ ഷാജഹാന്‍ കാളിയത്ത് എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി.

ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളുമെല്ലാം പിടിച്ചെടുത്തു. പിന്നീട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല.

നവകേരള സദസിലെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ നേര്‍ക്ക് കെ.എസ്.യുക്കാര്‍ ചെരുപ്പ് എറിഞ്ഞെന്നും പറഞ്ഞിട്ട് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടറെ കേസില്‍ പെടുത്തി. എസ്.എഫ്.ഐ നേതാവ് പരീക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇനിയും കുറെയുണ്ട്. എല്ലാമൊന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമാണ് ഞാനീ പഴയ സംഭവങ്ങളെല്ലാം പറഞ്ഞത്.

ഇ.ഡി അന്വേഷണം

ഇ.ഡി അന്വേഷണം സംബന്ധിച്ച് രാഷ്ട്രീയ വീക്ഷണത്തിലേയ്ക്കല്ല പോകുന്നത്. നിയമപരമായ കാര്യങ്ങളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. ഇഡി സര്‍ക്കാരിനു നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. അക്കാര്യത്തില്‍ സൂഷ്മമായ ഒരു പരിശോധന നടത്തി എത്രയും വേഗം ഒരു തീരുമാനം എടുക്കും.

സി.എം.ആര്‍.എല്‍ നല്‍കിയിരിക്കുന്ന മൊഴി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി പരിശോധിക്കേണ്ടവയാണ്. സി.എം.ആര്‍.എല്‍ എക്‌സാലോജിക്ക് വിഷയത്തില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് സി.പി. എമ്മിന്റെ പി.ബിയല്ലല്ലോ തീരുമാനമെടുക്കേണ്ടത്.

പി.ബിയും പാര്‍ട്ടി കമ്മിറ്റിയുമെല്ലാം തോറ്റതിന്റെ ഉത്തരവാദിത്വം ആ പാവം ഗോവിന്ദന്റെയും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിലിട്ടിട്ട് മുങ്ങിയിരിക്കുകയാണ്. നല്ലതാണത്. ഞാന്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. കാരണം ഇപ്പോഴും എന്തു കൊണ്ട് തോറ്റു എന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നത് നല്ല കാര്യമാണ്. അത് അങ്ങനെ തന്നെ പൊയ്‌ക്കോട്ടെ.

നമുക്ക് അക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. ആ ഫൈന്‍ഡിംഗ് നല്ലതാണ്. പാവം ഗോവിന്ദന്റെയും ജനങ്ങളുടെയും തലയിലിട്ടിട്ട് ഇതിന് ഉത്തരവാദികളായ ആളുകള്‍ ഭയങ്കര രസകരമായി രക്ഷപ്പെട്ടു നില്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. നല്ല കാര്യം. അങ്ങനെ തന്നെ വിചാരിച്ചാല്‍ മതി.

ഇ.എസ്.എ വിഷയം

ഇ.എസ്.എ വിഷയത്തില്‍ കേന്ദ്ര വിദഗ്ധ സംഘവുമായി ഞാന്‍ തന്നെ ഒരു റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി പറഞ്ഞതു പോലെ 131 വില്ലേജുകളിലായാണ് അവര്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 8590 ചതുരശ്ര കിലോമീറ്ററില്‍ 98 വില്ലേജുകളിലാക്കി അത് കുറച്ചു. അതിലേക്ക് കൊണ്ട് വരണമെന്നാണ് ഞങ്ങളുടെ നിലപാട്.

കാര്‍ഡമം ഹില്‍ റിസര്‍വ് (സി.എച്ച്.ആര്‍) ഏരിയ മുഴുവനായി ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കണം. അത് വനഭൂമിയായിട്ടാണ് പെടുത്തിയിരിക്കുന്നത്. ആ വനഭൂമിയായി പെടുത്തിയിരക്കുന്ന സി.എച്ച്.ആര്‍ മുഴുവന്‍ മാറണം. ഒരു ജനവാസപ്രദേശവും മാറാന്‍ പാടില്ല.അതിന്റെ മാപ്പ് കൂടി പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെഡ് ഇന്‍ഡസ്ട്രി എന്ന് പറഞ്ഞ് കുറെ കാര്യങ്ങള്‍ ഒഴിവാക്കണം എന്ന് അവരോട് പറഞ്ഞിട്ടുണ്ട്.

അവര്‍ അതില്‍ ചില കാര്യങ്ങളില്‍ സ്‌ളോട്ടര്‍ ഹൗസ് പോലെയുള്ള കാര്യങ്ങള്‍ മാറ്റില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ലിബറൈലെസായ നടപടികള്‍ സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. നമ്മള്‍ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ ഞാനും പരിസ്ഥിതി മന്ത്രിയും ഉള്‍പ്പെടുന്ന നമ്മുടെ ഒരു ടീം കേന്ദ്ര ഗവണ്‍മെന്റിനെയും ബന്ധപ്പെട്ട ആളുകളെയും കണ്ട് നമ്മുടെ ആവശ്യം നടപ്പാക്കുന്നതിനുള്ള ശക്തമായ ശ്രമം നടത്തും.

നമ്മുടെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയൊന്‍പത് ശതമാനത്തിലധികം വനഭൂമിയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി 21 22 മാത്രമേയുള്ളൂ. മാത്രമല്ല ഗ്രീന്‍ സ്‌റ്റേറ്റ് ആണ് കേരളം. ജനവാസമേഖലയെ ഒഴിവാക്കണം. ആര്‍ക്കും ഉത്കണ്ഠ വേണ്ട. സര്‍ക്കാര്‍ വിശദമായ പഠനം നടത്തിയിട്ടുണ്ട്.

പി.എസ്.സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടല്‍

റാങ്ക് ലിസ്റ്റുകള്‍ നീട്ടാന്‍ പി.എസ്.സിക്കു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. പി.എസ്.സി അതു തിരിച്ചയച്ചു. ഗവണ്‍മെന്റ് അക്കാര്യം പരിശോധിക്കുകയാണ്. പോലീസ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന നിലപാട് എടുക്കാന്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ല.

വളരെ പ്രധാനപ്പെട്ട ആളുകളെ വരെ ചോദ്യം ചെയ്യലിനു വിളിക്കുന്ന സഥലത്ത് പി.എസ്.സി ചെയര്‍മാന് എന്ത് ഇളവ്. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തി എന്നുള്ള ഗുരുതരമായ ക്രമക്കേട് അരോപണം വന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അതിന്റെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അതുമായി സഹകരിക്കില്ല എന്നു പറഞ്ഞാല്‍ പോലീസ് നിയമപരമായ മാര്‍ഗം തേടും.

അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഇ.ഡിയുടെ വണ്ടി തല്ലിപ്പൊളിച്ചിട്ട് അവസാനം എന്താണ് ഉണ്ടായത്. അതുകൊണ്ടൊന്നും കാര്യമില്ലല്ലോ. അന്വേഷണവുമായി സഹകരിക്കാനില്ലെന്നു പറയാനുള്ള പ്രത്യേക അധികാരമൊന്നും ആര്‍ക്കുമില്ല. എല്ലാവരും പൗരന്മാരല്ലേ.

എനിക്കെതിരെ അന്വേഷണം വന്നാല്‍ ഞാന്‍ അതുമായി സഹകരിക്കേണ്ടേ. ഞങ്ങള്‍ക്കൊക്കെ എതിരെ എന്തെല്ലാം അന്വേഷണം വന്നു. എല്ലാ അന്വേഷണവുമായും സഹകരിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പി.എസ്.സി ചെയര്‍മാന്‍ അങ്ങനെ പ്രത്യേക പദവിയൊന്നുമല്ല.

വലിയ പരീക്ഷ തട്ടിപ്പ് നടത്തി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചു എന്നൊരു ഗുരുതരമായ ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്. അതുമായി സഹകരിച്ചേ മതിയാവൂ. അതുമായി ബന്ധപ്പെട്ട് പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തേ മതിയാവൂ. അതിന്റെ രേഖകള്‍ കൊടുത്തേ മതിയാവൂ. അല്ലെങ്കില്‍ പോലീസ് അതിന്റേതായ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ നീക്കം ചെയ്ത എ.ഐ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനോ എന്റെ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ല. ആ ഡാന്‍ഡ് വീഡിയോ ആസ്വദിച്ചു എന്നു ഞാന്‍ തന്നെ പരസ്യമായി പറഞ്ഞതാണ്.

ഇത്ര നന്നായിട്ട് ഡാന്‍ഡ് ചെയ്യാന്‍ പറ്റുമെന്നു എനിക്കുതന്നെ അറിയാന്‍ പറ്റില്ലായിരുന്നു. ലോ കോളേജിലെ ബിരുദദാന ചടങ്ങിലാണ് അക്കാര്യം പരസ്യമായി പറഞ്ഞത്. എ.ഐ അടക്കമുള്ള ഭാവി സാങ്കേതിക വിദ്യകള്‍ വന്നപ്പോള്‍ പുതിയ നിയമ സാധ്യതകളെക്കുറിച്ചാണ് അവിടെ പറഞ്ഞത്.

അപ്പോള്‍ അനുകരിക്കുന്നതൊക്കെ നിയമപ്രശ്‌നം ഉണ്ടാക്കുമെന്നാണ് പറഞ്ഞത്. ഒരാള്‍ ഒരു സൃഷ്ടി നടത്തി, ഒരു സിനിമ അല്ലെങ്കില്‍ സംഗീതം അതിന്മേല്‍ എഐ വച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ കോപ്പി റൈറ്റ് നിയമത്തിന്റെയോ ബൗദ്ധിക സ്വത്തവകാശത്തിന്റെയോ ലംഘനമാകും.

അങ്ങനെയുള്ള നിയമപ്രശ്‌നമുണ്ട്. പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് ഇത്തരം എ.ഐ വീഡിയോകള്‍ക്ക് നിയമപ്രശ്‌നമുണ്ടെന്നാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സില്‍ അതുപറയുന്നുണ്ട്.

അതുപ്രകാരം നിയമലംഘനം ആരോപിച്ച് പരാതി പോലീസിനു കിട്ടി. ഞാനല്ല പരാതി കൊടുത്തത്. ഞാന്‍ ആ വീഡിയോ കാണാഞ്ഞിട്ട് ഇപ്പോള്‍ വിഷമിച്ചിരിക്കുകയാണ്. അത് നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ യാത്രയിലൊക്കെ അതെടുത്ത് നോക്കിക്കൊണ്ട് ഇരിക്കാമായിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ വിഷയം

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ മാധ്യമങ്ങള്‍ പറഞ്ഞത് പോലെയല്ല പ്രതികരിച്ചത്. ഇങ്ങനെ ആളുകളെ മാറ്റുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ നേരിടുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമമാണ്.

നിയമിച്ചു കഴിയുമ്പോള്‍ പ്രമോഷന്‍ കിട്ടണമെങ്കില്‍ കംപല്‍സറി ട്രെയിനിംഗ് ഉണ്ട് എന്ന് പറഞ്ഞ് അവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. ആ പ്രമോഷന്‍ കഴിഞ്ഞുള്ള പീരിയഡ് കഴിഞ്ഞിട്ടും അവര്‍ വരുന്നില്ല. സംസ്ഥാനത്തുള്ള പല ഐ.എ.എസ് ഓഫീസര്‍മാരും ഓവര്‍ലോഡഡ് ആണ്. ഒന്നിലധികം വകുപ്പുകള്‍ അവര്‍ കൈകാര്യം ചെയ്യുകയാണ്.

ഇവരുടെ ഡിപ്ലോയ്‌മെന്റ് എന്ന് പറയുന്നത് രണ്ട് മൂന്ന് പേര്‍ പോയി കഴിഞ്ഞാല്‍ എല്ലാം റീ അറേഞ്ച് ചെയ്യേണ്ടി വരികയാണ്. ഓവര്‍ലോഡുള്ള ചിലരെ മറ്റൊരു വകുപ്പിലേക്ക് മാറ്റി അങ്ങനെ ചെയ്യുന്നതാണ്. കൂടിയാലോചനകള്‍ നടത്തിയിട്ടാണ് അത് ചെയ്തിരിക്കുന്നത്. ഇനി ഒരു ഫിക്‌സ്ഡ് ആയിട്ടുള്ള ഒരു സമയത്തേക്ക് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടിയിട്ടുള്ള അവസരം കൊടുക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇത് തുടക്കത്തിലുണ്ടായ ഒരു പ്രശ്‌നമാണ്.

കുറെ പേര്‍ പോയി. ഇനി കുറച്ചു പേര്‍ വരും. അപ്പോള്‍ അതു കൊണ്ടാണ് മുകള്‍ത്തട്ടില്‍, സെക്രട്ടറിമാരുടെ തലത്തിലുള്ള വലിയ ട്രാന്‍സ്ഫറുകള്‍ നടത്താത്തത്. കാരണം കുറച്ചു പേര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി വരും. കുറച്ചു പേര്‍ വരില്ല. ഒരു പാട് പേര്‍ ഡല്‍ഹിയിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രമോഷന്‍ കിട്ടണമെങ്കില്‍ കംപല്‍സറി ആയി അവര്‍ അവിടെ മൂന്ന് വര്‍ഷം ജോലി ചെയ്യണമെന്ന ഒരു നിര്‍ദേശം ഇപ്പോഴല്ല ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നേരത്തെ വച്ചിരുന്നു.

അതിന്റെ ഭാഗമായിട്ട് ആളുകള്‍ പോകുമ്പോഴുള്ള റീ അറേഞ്ച്‌മെന്റ് ചെയ്യുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഒരു സ്ഥിരത വേണ്ടതാണ്. നമ്മള്‍ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അവര്‍ ജോലി ചെയ്യണം. അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

Content Highlihgt: Chief Minister VD Satheesan speaks to the press after ministry meeting about electricity, ed raid, psc ranklist, esa etc

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രസര്‍ക്കാര്‍ ‘ദല്‍ഹിയെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയായി മാറ്റി’; അഭിജീത് ദീപ്‌കെ

ദല്‍ഹി: എസ്.ഐ.ആര്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍...