വാഷിങ്ടണ്: ടെക്സസിലെ ഫോര്ട്ട് ഹുഡ് സൈനികത്താവളത്തില് 13 പേരെ കൊലപ്പെടുത്തിയ മുന് യു.എസ് ആര്മി മേജറുടെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന തീരുമാനം റദ്ദാക്കി ഡൊണാള്ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതറിയിച്ചത്.
യു.എസ് ആര്മിയില് സൈക്കിയാട്രിസ്റ്റ് ആയിരുന്ന നിദാല് ഹസന് ടെക്സസിലെ ഫോര്ട് ഹുഡ് സൈനികത്താവളത്തില് നടത്തിയ വെടിവെപ്പില് 13 പേര് മരിക്കുകയും 30ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
പൊതുജനങ്ങള്ക്ക് വധശിക്ഷ കാണാന് അവസരമുണ്ടാക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ആളുകള് മനസിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് പീറ്റ് ഹെഗ്സെത് വധശിക്ഷ ലൈവ്സ്ട്രീം ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ചത്.
എന്നാല് ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളില് തീരുമാനം വന് എതിര്പ്പുകള് നേരിട്ടു. അന്താരാഷ്ട്ര വധശിക്ഷ വിരുദ്ധദിനമായ ഒക്ടോബര് പത്തിന് പങ്കുവെച്ച കുറിപ്പ് ചര്ച്ചയായിരുന്നു.
വധശിക്ഷ അനുവദനീയമല്ലെന്നും അത് വ്യക്തിയുടെ അന്തസിന് നേരെയുള്ള ആക്രമണമാണെന്നും ലിയോ പതിനാലാമന് മാര്പാപ്പ പറഞ്ഞിരുന്നു. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യു.എസ് സര്ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് മാര്പാപ്പ പരാമര്ശിച്ചിരുന്നില്ലെങ്കിലും അന്താരാഷ്ട്രതലത്തില് ഇത് ചര്ച്ചയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് പീഡനം തടയുന്ന നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവിച്ചിരുന്നു.
വധശിക്ഷ പരസ്യമായി സംപ്രേഷണം ചെയ്യുന്നത് ഹസനെപ്പോലുള്ള ഭീകരരോടും നികൃഷ്ടരോടും അമേരിക്ക എങ്ങനെ പെരുമാറുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതിലൂടെ ശക്തമായ ഒരു പ്രതിരോധ സന്ദേശമായേനെ എന്ന് ട്രംപ് കുറിച്ചു.
‘എന്നാല്, വളരെ നല്ലവരും സദുദ്ദേശ്യത്തോടെ പ്രവര്ത്തിക്കുന്നവരുമായ നിരവധി ആളുകള് ഹസന് മരിക്കുന്നത് തത്സമയ സംപ്രേഷണത്തിലൂടെയോ മറ്റേതെങ്കിലും ദൃശ്യസംവിധാനത്തിലൂടെയോ കാണാന് ആഗ്രഹിക്കുന്നില്ല’, ട്രംപ് കുറിപ്പില് പറയുന്നു.
നിശ്ചയിച്ച പ്രകാരം വെടിവെച്ചുള്ള വധശിക്ഷയിലൂടെ ഹസന് മരിക്കുമെന്നും എന്നാല്, ഈ സംഭവം തത്സമയം സംപ്രേഷണം ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇരകളുടെ അടുത്ത കുടുംബാംഗങ്ങള്ക്ക് താത്പര്യമുണ്ടെങ്കില് വധശിക്ഷ നേരിട്ട് കാണാന് അനുവാദമുണ്ടായിരിക്കുമെന്നും നീതി നടപ്പാകുന്നത് നേരിട്ട് കാണാന് അവര്ക്ക് അര്ഹതയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഡിസംബര് മൂന്നിന് നിദാല് ഹസനെ ഫയറിങ് സ്ക്വാഡ് വെടിവെച്ച് വധശിക്ഷ നടപ്പിലാക്കാന് നിശ്ചയിച്ചിരിക്കുകയാണ്. 1961ന് ശേഷം അമേരിക്കന് സൈന്യം വധശിക്ഷയ്ക്ക് വിധിക്കുന്ന സൈനികനാണ് നിദാല് ഹസന്.
Content Highlight: Trump Drops Pentagon Livestream of Fort Hood Shooter’s Execution After Backlash.




