ബ്രസീലിയ: ആഴ്ചയില് 44 മണിക്കൂര് ജോലിസമയം എന്നത് 40 മണിക്കൂര് ആയി വെട്ടിച്ചുരുക്കിയ നിയമഭേദഗതി പാസാക്കി ബ്രസീല് കോണ്ഗ്രസ്. ശമ്പളത്തില് കുറവൊന്നും വരുത്താതെ തന്നെ ആഴ്ചയില് രണ്ട് ദിവസത്തെ അവധി നല്കാനും ഭേദഗതിയില് വ്യവസ്ഥയുണ്ട്.
1988ല് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള, തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിയമമാണിത്. ഏകദേശം മൂന്ന് കോടി തൊഴിലാളികളെ ഈ നിയമം സഹായിക്കുന്നു. 14 മാസത്തെ കാലയളവിനുള്ളില് പുതിയ മാനദണ്ഡങ്ങള് നടപ്പിലാകും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇടത് പക്ഷ പ്രസിഡന്റ് ലുല ഡ സില്വയ്ക്ക് രാഷ്ട്രീയ നേട്ടമാകുന്നതാകും തീരുമാനം. ലുല ഡ സില്വ ഈ ഭേദഗതിയെ ശക്തമായി പിന്തുണച്ചിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പില് മുന്നിലെത്തിയ എതിരാളിയും തീവ്ര വലത് പക്ഷ സെനറ്ററുമായ ഫ്ലാവിയോ ബോള്സൊനാരോയെ മറികടക്കാനുള്ള ശ്രമത്തിലാണ് ലുല ഡ സില്വ. രണ്ടാം ഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ചയില് താഴെ മാത്രം സമയമാണ് ശേഷിക്കുന്നത്.
ഫ്ലാവിയോ ബോള്സൊനാരോ ഈ ഭേദഗതിയെ ശക്തമായി എതിര്ത്തിരുന്നു. എന്നാല് ചൊവ്വാഴ്ച ഇതിനെപ്പറ്റിയുള്ള നിലപാടില് ബോള്സൊനാരോ നിലപാട് മാറ്റിയിരുന്നു. ബ്രസീലിലെ ഭൂരിഭാഗം തൊഴിലാളികളും ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞിരുന്നു. ബുധനാഴ്ച ഭേദഗതിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത 75 സെനറ്റര്മാരില് ബോള്സൊനാരോയും ഉള്പ്പെട്ടിരുന്നു.
മുന്പ്രസിഡന്റ് ജെയര് ബോള്സൊനാരോയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ഹാമില്ട്ടണ് മൗറാവോ മാത്രമാണ് ഭേദഗതിയ്ക്കെതിരെ വോട്ട് ചെയ്തത്. പാര്ലമെന്റിന്റെ അധോസഭയായ ചേംബര് ഓഫ് ഡെപ്യൂട്ടീസ് മെയില് തന്നെ ഭേദഗതി പാസാക്കിയിരുന്നു.
തൊഴിലാളി വര്ഗത്തെ ആകര്ഷിക്കാന് ലുല നടത്തിയ അവസരവാദപരമായ നീക്കമാണിതെന്ന് ആരോപിച്ച് ബൊള്സൊനാരോ നേരത്തെ രംഗത്ത് വന്നിരുന്നു. നിലപാട് മാറ്റുന്നതിന് മുന്പ്, ഭരണഘടനാ ഭേദഗതിയിലൂടെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിന് പകരം, തൊഴില് സമയക്രമത്തെക്കുറിച്ച് ജീവനക്കാരും തൊഴിലുടമകളും തമ്മില് ധാരണയിലെത്തുകയാണ് വേണ്ടതെന്ന് ബോള്സൊനാരോ പറഞ്ഞിരുന്നു.
ബോള്സൊനാരോയുടെ നിലപാട് മാറ്റത്തെ തെരഞ്ഞെടുപ്പ് സമയത്തെ അവസരവാദം എന്ന് ലുല ഡ സില്വ വിശേഷിപ്പിച്ചിരുന്നു. ഭേദഗതിയെ സ്വാഗതം ചെയ്ത അദ്ദേഹം ഇത് തൊഴിലാളികളുടെ ജീവിതത്തില് വലിയ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞു.
‘ഇതിനര്ത്ഥം ജീവിക്കാനും വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, മക്കള് വളരുന്നത് കാണാനും, സ്വന്തം കാര്യങ്ങള് നോക്കാനും ജീവിതം ആസ്വദിക്കാനും കൂടുതല് സമയം ലഭിക്കും എന്നാണ്,’ അദ്ദേഹം സോഷ്യല് മീഡിയയില് കുറിച്ചു.
ഒക്ടോബര് 25ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില് ബോള്സൊനാരോയുമായുള്ള വിടവ് കുറക്കാന് ലുലയെ ഈ ഭേദഗതി സഹായിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള് പ്രതീക്ഷിക്കുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പില് 47% വോട്ടുകള് നോടി ബോള്സൊനാരോ മുന്നിലെത്തിയിരുന്നു. ലുലയ്ക്ക് 45.2% വോട്ടുകളാണ് ലഭിച്ചത്.
ആര്ക്കും 50% വോട്ടുകള് നേടാന് കഴിയാത്തതിനാലാണ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങിയത്. തൊഴില് സമയം കുറക്കാനുള്ള നീക്കത്തിന് ജനങ്ങള്ക്കിടയില് വന് സ്വീകാര്യതയുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. രാജ്യവ്യാപകമായി നടത്തിയ ഒരു സര്വേയില്, 70% ബ്രസീലുകാരും ഇതിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി.
Content Highlight: Brazil’s Senate approves shorter workweek in win for Lula.




