23
October, 2026

A News 365Times Venture

23
Friday
October, 2026

A News 365Times Venture

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ സംഭവിക്കുന്നു; കെ.കെ ശൈലജ

Date:

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കെ.കെ.ശൈലജ. മുന്‍ ആരോഗ്യമന്ത്രിമാരായ പി.കെ.ശ്രീമതി , കെ.കെ.ശൈലജ, വീണ ജോര്‍ജ് എന്നിവര്‍ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പരാമര്‍ശം.

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല ലോകത്തില്‍ തന്നെ ഒരു മാതൃകയായിട്ടുള്ളതാണെന്നും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖല കേരളത്തിനുണ്ടെന്നും അവര്‍ പറഞ്ഞു. തൊട്ടടുത്ത് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും ഇത്രയധികം വിപുലവും വികേന്ദ്രീകൃതവുമായ പൊതുജനാരോഗ്യ മേഖലയുള്ളത് കേരളത്തിനാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.

പഞ്ചായത്ത് തലത്തില്‍ പി.എച്ച് സി മുതല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങി വിന്യസിക്കപ്പെട്ട വലിയൊരു മേഖലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട പൊതുമേഖലയാണ് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതെന്നും, പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാരുകള്‍ നിക്ഷേപം നടത്തണം എന്നതായിരുന്നു ലോകത്ത് നടന്ന ചര്‍ച്ചകളുടെ ആകെത്തുക എന്നും കെ.കെ.ശൈലജ പറഞ്ഞു.

‘പൊതുജനാരോഗ്യ മേഖല ശക്തമായ ഇടങ്ങളില്‍ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചതന്നത് എക്യരാഷ്ട്രസഭയും ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. അങ്ങനെയുള്ള കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല തകര്‍ന്നു പോകുമോ എന്ന ഭയമാണ് ഇപ്പോള്‍ നമുക്കുള്ളത്’, മുന്‍മന്ത്രി പറഞ്ഞു.

നിലവിലുള്ള അവസ്ഥയ്ക്ക് പോറലേല്‍ക്കുന്ന രീതിയിലുള്ള ചില കാര്യങ്ങള്‍ ഈ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ തന്നെ കാണുന്നു എന്നതിലാണ് ഭീതിയെന്ന് കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു. സ്‌പൈല്‍ മസ്്കുലര്‍ അട്രോഫി(എസ്.എം.എ) മരുന്നിന്റെ കാര്യത്തിലുള്ള ആശങ്കകള്‍ അവര്‍ ഉന്നയിച്ചു.

എസ്.എം.എ മരുന്നിന്റെ കാര്യത്തില്‍, നേരത്തെ നല്‍കിയിരുന്ന മരുന്നിന് പകരം വില കുറഞ്ഞ പുതിയ മരുന്ന് വാങ്ങുന്നതില്‍ തര്‍ക്കമില്ലെന്നും, ടെന്‍ഡര്‍ കോട്ട് ചെയ്ത് വില കുറയ്ക്കാനും ക്വാളിറ്റി ഉറപ്പുവരുത്താനും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (KMSCL) വഴിയാണ് മരുന്ന് വാങ്ങേണ്ടതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

‘കെ.എം.എസ്.സി.എല്‍ ഇല്‍ ഉണ്ടായിരുന്ന ക്വാളിറ്റി ചെക്കിങ് സെല്‍ അവസാനിപ്പിച്ച് ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസില്‍ മാത്രം പരിശോധിക്കാന്‍ തീരുമാനിച്ചത് ശരിയാണെങ്കില്‍ അത് വളരെ അപകടകരമാണ്. അത്രയധികം സ്റ്റാഫില്ലാത്ത ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിന് ഓരോ ബാച്ച് മരുന്നും കൃത്യമായി പരിശോധിക്കാന്‍ കഴിയില്ല’, കെ.കെ.ശൈലജ പറഞ്ഞു.

നിലവില്‍ ഉപയോഗിക്കുന്ന മരുന്ന് (Risdiplam) കഴിച്ച് കുട്ടികളുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി കാണുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നുണ്ടെന്ന് പറഞ്ഞ കെ.കെ.ശൈലജ ഗുണനിലവാരം ഉറപ്പില്ലാത്ത പുതിയ ജനറിക് മരുന്ന് വിതരണം ചെയ്യാന്‍ പോകുന്നതിലെ ആശങ്ക അറിയിച്ചു.

‘ഈ മരുന്നിന്റെ ബയോ ഇക്വിവലന്‍സ് ടെസ്റ്റ് (BIO  EQUIVALENCY  TEST) നടന്നിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തുകയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. കൂടാതെ, സ്‌റ്റേബിള്‍ ആയ ആളുകളില്‍ നടത്തേണ്ട ക്ലിനിക്കല്‍ ട്രയലുകള്‍ ചെറിയ കുട്ടികളില്‍ നടത്തുന്നത് തെറ്റായ കാര്യമാണ്. ഇതില്‍ അന്വേഷണം നടത്തുകയും രക്ഷിതാക്കളുടെ ആശങ്ക അകറ്റുകയും വേണം’, കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

സമഗ്രമായ ആരോഗ്യ പ്രോജക്ടിന് രൂപം നല്‍കാന്‍ എന്ന പേരില്‍ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സ് പൊതുജനാരോഗ്യ ശൃംഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്‍മന്ത്രി പറഞ്ഞു.

‘ഇതിന്റെ എട്ടാമത്തെ ക്ലോസില്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (PPP) മോഡല്‍ ഉപയോഗിക്കാമോ എന്ന് ചോദ്യമുണ്ട്. ശക്തമായ പൊതുജനാരോഗ്യ ശൃംഖലയുള്ള കേരളത്തില്‍ പികൊണ്ടുവരേണ്ട ആവശ്യമില്ല. സ്വകാര്യ മേഖലയെ കൈപിടിച്ച് ആനയിക്കാനാണ് ശ്രമിക്കുന്നത്’, കെ.കെ. ശൈലജ ആരോപിച്ചു.

ബ്ലാക്ക് സ്‌റ്റോണ്‍, കെ.കെ.ആര്‍ ഗ്രൂപ്പ് തുടങ്ങിയ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകള്‍ സ്വകാര്യ ആശുപത്രികള്‍ വിലയ്‌ക്കെടുക്കുകയും ആരോഗ്യമേഖലയെ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായമാക്കുകയും ചെയ്യുകയാണെന്നും പബ്ലിക് ഹെല്‍ത്ത് സിസ്റ്റം നിലനിന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സാച്ചെലവ് താങ്ങാനാകാതെ വരുമെന്നും കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ധാരാളം സമര്‍ത്ഥരായ പൊതുജനാരോഗ്യ വിദഗ്ദ്ധരുള്ളപ്പോള്‍, അഴിമതി ആരോപണവിധേയനായ ഉത്തര്‍പ്രദേശിലെ മുന്‍ ചീഫ് സെക്രട്ടറിയെ പോലെയുള്ളവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പൊതുജനാരോഗ്യ ശൃംഖലയ്ക്ക് വിരുദ്ധമാണെങ്കില്‍ അതിശക്തമായ ജനകീയ സമരം ഉണ്ടാകുമെന്ന് കെ.കെ.ശൈലജ മുന്നറിയിപ്പ് നല്‍കി.

വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം കൊണ്ടാണ് കേരളത്തിന് ഉയര്‍ന്ന പ്രതീക്ഷിത ആയുസ്സും അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്കും (1000ന് 5) മാതൃമരണ നിരക്കും (19) കൈവരിക്കാന്‍ സാധിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.

നിലവിലെ ഗവണ്‍മെന്റ് സ്‌റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി(SHA)യുടെ ചുമതല മാറ്റി റിലയന്‍സ് പ്രതിനിധികളെ വരെ ഉള്‍പ്പെടുത്തി പഠനം നടത്തുകയും ചെയ്യുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.കെ.ശൈലജ മുന്നറിയിപ്പ് നല്‍കി.

‘ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സ്വകാര്യ ഏജന്‍സികളുടെയും കമ്പനികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് റിലയന്‍സ് വഴി നടപ്പിലാക്കിയിരുന്ന കേന്ദ്ര പദ്ധതിക്ക് പകരം, സ്‌റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി (SHA) രൂപീകരിച്ച് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഭംഗിയായി നടപ്പിലാക്കി വരികയായിരുന്നു’, കെ.കെ.ശൈലജ പറഞ്ഞു.

വര്‍ഷങ്ങളായി നിര്‍മിച്ചെടുത്ത, ലോകത്തിന് മാതൃകയായ ഈ പൊതുജനാരോഗ്യ മേഖലയെ നശിപ്പിക്കരുതെന്നും സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ അപകടകരമാണെന്നും മുന്‍മന്ത്രി ഓര്‍മിപ്പിച്ചു.

15 വര്‍ഷങ്ങള്‍ വനിതകളാണ് കേരളത്തില്‍ ആരോഗ്യവകുപ്പ് ഭരിച്ചതെന്നും കേരളം രൂപികരിച്ചതുമുതല്‍ കാലാവധി പൂര്‍ത്തിയാക്കിയ മൂന്നു ആരോഗ്യമന്ത്രിമാ തങ്ങള്‍ മാത്രമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ജനപക്ഷത്തു നിന്നുകൊണ്ട് ആരോഗ്യരംഗത്ത് പ്രത്യേകിച്ചും ചികിത്സാരംഗത്ത് ഫലപ്രദമായിട്ട് ഇടപെടാന്‍ സാധിച്ചുവെന്നുവെന്നും ആരോഗ്യരംഗത്ത് ജനകീയമായ ഒരു ആരോഗ്യനയം കയ്യാളാന്‍ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമാണെന്ന് പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യവകുപ്പിന്റെ മന്ത്രിയായി ശ്രീ കെ മുരളീധരന്‍ അധികാരത്തിലേറ്റ ഉടനെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ആതുര ശുശ്രൂഷ രംഗത്ത് കേരളത്തിലെ സര്‍ക്കാരാശുപത്രികള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്കുയര്‍ന്നിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ 10 വര്‍ഷക്കാലം കൊണ്ട്. 2016 മുതല്‍ 21 വരെ കെ.കെ ശൈലജയും പിന്നീട് 21 മുതല്‍ 26 വരെ വീണാ ജോര്‍ജും ആരോഗ്യ വകുപ്പിന്റെ മേഖലയില്‍ അഭിമാനിക്കാന്‍ കഴിയത്തക്ക വിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിച്ചിരുന്നു’, പി.കെ. ശ്രീമതി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷക്കാലം പശ്ചാത്തല സൗകര്യങ്ങള്‍, എക്വിപ്‌മെന്റ്‌സ്, അഡ്വാന്‍സ്ഡ് ആയിട്ടുള്ള മെഷിനറി, ഹെല്‍ത്ത് സര്‍വീസ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടേര്‍മാരുടെ സേവനം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ മുന്‍മന്ത്രിമാര്‍ക്ക് സാധിച്ചു എന്ന് പി.കെ.ശ്രീമതി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ മാറി വന്നപ്പോള്‍ പുതിയ ആരോഗ്യമന്ത്രി എല്ലാം ഞാന്‍ നിസ്സാരമായിട്ട് പരിഹരിച്ചു കളയുമെന്നും ഒന്നും വലിയ വിഷയമുള്ള കാര്യമല്ല എന്നും ഭാവിച്ചു എന്നും പി.കെ.ശ്രീമതി പറഞ്ഞു.

‘ആരോഗ്യമേഖല എങ്ങോട്ടേക്കാണ് പോകുന്നത്. പല സ്ഥലങ്ങളിലും ഡോക്ടര്‍മാരില്ല, മരുന്നില്ല, വര്‍ക്കിങ് അറേഞ്ച്‌മെന്റ് കൂടി ഇല്ല. പല സ്ഥലങ്ങളിലും പിരിച്ചുവിടല്‍ നടക്കുന്നു. എല്ലാറ്റിനും ഒരു നീതിബോധത്തോടു കൂടി ആയിരിക്കണം കാര്യങ്ങള്‍ ചെയ്യുന്നത്. നീതിബോധമില്ലാതെ കാര്യങ്ങള്‍ ചെയ്യുകയും പിന്നീടത് തിരുത്തുകയും ചെയ്യുക എന്ന സ്ഥിതിയാണ് ഇപ്പോള്‍’, പി.കെ.ശ്രീമതി പറഞ്ഞു.

കേരളത്തിന്റെ പൊതുജന ആരോഗ്യരംഗം അപകടാവസ്ഥയിലാണെന്നും ഇത് വ്യക്തമാക്കുന്ന സംഭവങ്ങളും വിവരങ്ങളുമാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. 2022 മുതല്‍ കെയര്‍(KARE) പദ്ധതി വഴി 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്നുണ്ടെന്നും അഞ്ചര ലക്ഷം രൂപയോളം വിലയുള്ളപ്പോള്‍ സര്‍ക്കാര്‍ അത് 1,38,000 രൂപയ്ക്കാണ് നല്‍കാന്‍ തുടങ്ങിയതെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഇപ്പോള്‍ എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് ഇരകളാക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു.

‘കെ.എം.എസ്.സി.എല്‍ സപ്ലൈ ചെയ്യുന്ന മരുന്നുകളില്‍ സാധാരണ അവരുടെ സ്റ്റിക്കര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കൊടുത്ത ബോട്ടിലുകളില്‍ സ്റ്റിക്കര്‍ ഇല്ല എന്ന് മാത്രമല്ല, ‘ഫിസിഷ്യന്‍ സാമ്പിള്‍ ആന്റ് ഫോര്‍ ക്ലിനിക്കല്‍ ട്രയല്‍’ എന്നാണ് എഴുതിയിരിക്കുന്നത്. ഏത് അച്ഛനമ്മമാരാണ് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മരുന്ന് പരീക്ഷണത്തിനുള്ള മരുന്ന് കൊടുക്കാന്‍ തയ്യാറാകുന്നത്? ഇതിനുപിന്നാലെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി രഹസ്യമായി ഈ ബോട്ടിലുകള്‍ തിരിച്ചുവാങ്ങാന്‍ ശ്രമിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ആ ബോട്ടിലുകള്‍ തിരിച്ചുവാങ്ങിയത്?’, വീണ ജോര്‍ജ് ചോദിച്ചു.

കുഞ്ഞുങ്ങളില്‍ മരുന്ന് പരീക്ഷണം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ഇത് ആരെ സഹായിക്കാനാണ് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ സുതാര്യമായി നടത്തുകയും ടെക്‌നിക്കല്‍ ഇവാലുവേഷനും ക്വാളിറ്റി പരിശോധനകളും നടന്നിട്ടുണ്ടെന്ന് തെളിയിക്കുകയുമാണ് വേണ്ടതെന്നും പതിറ്റാണ്ടുകളുടെ ചരിത്രമുള്ള കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ തകര്‍ക്കുന്‍ ശ്രമിക്കരുതെന്നും വീണ ജോര്‍ജ് പറഞ്ഞു.

Content Highlight: “Certain things that should not be happening in Kerala’s healthcare sector are happening,” says K.K. Shailaja.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ ബന്ധം: വിവരസുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാവിഗേഷന്‍ ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്

ക്വാലാലംപൂര്‍: ഇസ്രഈലുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നാവിഗേഷന്‍ ആപ്പായ വേസ്(...