തിരുവനന്തപുരം: വനിതാ സംവരണത്തിന്റെ പേരിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കുന്നതിനെരെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്.
നവംബർ 30-ന് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പോകുകയാണെന്നും അന്ന് രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുകയാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇത് നടപ്പിലായാൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡല പുനര്നിര്ണയബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനായി നവംബർ 30ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും വീണ്ടും ചേരുകയാണ്
ഇരുസഭകളും അത്യാവശ്യമായ സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി വീണ്ടും ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നിൽ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാൻ വേണ്ടി അവിശുദ്ധമായ ഒരുപാട് മാർഗ്ഗങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാ കാര്യങ്ങൾക്കും കാർമ്മികത്വം വഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇപ്പോഴത്തെ രൂപത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അടുത്ത തവണ തോൽക്കുമെന്ന് ബി.ജെപി.ക്ക് അറിയാമെന്നും അതിനാൽ ഭരണകക്ഷിക്ക് മുൻതൂക്കമുള്ള ഇടങ്ങളിൽ സീറ്റ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാർലമെന്ററി ജനാധിപത്യത്തിൽ അനുപാതികമല്ല കൃത്യമായ നമ്പറാണ് പ്രധാനം. ഒരാളുടെ ഭൂരിപക്ഷം ഉണ്ടെങ്കിൽ അതായിരിക്കും ഭൂരിപക്ഷം. മൂന്നോ നാലോ സംസ്ഥാനങ്ങൾ വിചാരിച്ചു കഴിഞ്ഞാൽ ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്,’ ജോൺബ്രിട്ടാസ് പറഞ്ഞു.
അതുകൊണ്ടാണ് തങ്ങൾ ഇതിനെ എതിർക്കുന്നതെന്നും എന്നാൽ കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി കൂട്ടിച്ചേർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ എം.പിമാരെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മണ്ഡല പുനർനിർണയത്തിലൂടെ കേന്ദ്ര സർക്കാർ സാധ്യമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, അംഗബലം ഉറപ്പാക്കാനുള്ള മാസങ്ങള്‍ നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ഇത്തവണ പാര്‍ലമെന്റ് വിളിച്ചുചേർക്കുന്നത്.
Content Highlight: What the nation feared is about to happen; John Brittas opposes the passing of the constituency delimitation bill.




