സിംഗൂര്‍; ടാറ്റയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ 766 കോടി നഷ്ടപരിഹാരം നല്‍കണം


ടാറ്റ മോട്ടോര്‍സിന് പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ 766 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധി. സിംഗൂരിലെ നിര്‍മ്മാണ യൂണിറ്റിനുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് 2008 ഒക്ടോബറില്‍ ബംഗാളിലെ സിംഗൂരില്‍ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പ്ലാന്റ് മാറ്റിയിരുന്നു. നാനോ കാര്‍ നിര്‍മ്മിക്കാനായി സ്ഥാപിച്ച നിര്‍മ്മാണ യൂണിറ്റാണ് മാറ്റിയത്. എന്നാല്‍ സിംഗൂരിലെ യൂണിറ്റിനായി അപ്പോഴേക്കും ടാറ്റ 1000 കോടിയിലധികം രൂപ നിക്ഷേപിച്ചിരുന്നു.

മൂന്നംഗ ട്രൈബ്യൂണല്‍ സമിതിയാണ് വിധി പുറപ്പെടുവിച്ചത്. 765.78 കോടി രൂപ പശ്ചിമ ബംഗാള്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്. 2016 സെപ്റ്റംബര്‍ 1 മുതലുള്ള 11 ശതമാനം പലിശയും നല്‍കണമെന്ന് വിധിയില്‍ വ്യക്തമാക്കി.

“മൂന്നംഗ ട്രൈബ്യൂണലിന് മുമ്പാകെയുണ്ടായിരുന്ന കേസ് 2023 ഒക്ടോബര്‍ 30ന് ഐക്യകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു. ടാറ്റ മോട്ടോര്‍സിന് അനുകൂലമായ വിധിയാണിതെന്ന്”  ടാറ്റാ മോട്ടോര്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കേസിന്റെ നടപടി ചെലവുകള്‍ക്കായി ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കാനും ടാറ്റ മോട്ടോര്‍സിന് അര്‍ഹതയുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അന്തിമ വിധി പുറത്തു വന്നതോടെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചുവെന്നും പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.

2010 ജൂണിലാണ് ടാറ്റാ മോട്ടോര്‍സിന്റെ നാനോ കാര്‍ നിര്‍മ്മാണ യൂണിറ്റ് ഗുജറാത്തിലെ സാനന്ദില്‍ ഉദ്ഘാടനം ചെയ്തത്. ഭൂമിതര്‍ക്കം കാരണം പശ്ചിമ ബംഗാളില്‍ നിന്ന് പ്ലാന്റ് മാറ്റേണ്ടി വന്നതിന് പിന്നാലെയാണ് ഗുജറാത്തില്‍ പുതിയ പ്ലാന്റ് ആരംഭിച്ചത്.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ചേര്‍ന്നാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.