ഉത്സവകാലത്ത് അതിഗംഭീര പ്രകടനം കാഴ്ചവച്ച് രാജ്യത്തെ വാഹന നിർമ്മാതാക്കൾ. ഉത്തരേന്ത്യ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒക്ടോബർ മുതൽ ഉത്സവകാലത്തിന് തുടക്കമായതോടെ വാഹന വിപണി കൂടുതൽ കരുത്ത് നേടിയിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, എംജി ഹെക്ടർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളെല്ലാം ഒക്ടോബറിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി. ഇത്തവണയും കാറുകളുടെ വിൽപ്പനയിൽ ഒന്നാമതെത്തിയത് മാരുതി സുസുക്കിയാണ്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുൻ വർഷത്തേക്കാൾ 19 ശതമാനം അധിക വർദ്ധനവ് നേടാൻ ഇത്തവണ മാരുതിക്ക് സാധിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സിന്‍റെ ആഭ്യന്തര വാഹന വിൽപ്പന 6 ശതമാനം വർദ്ധനവോടെ 80,825 യൂണിറ്റായി. മുൻ വർഷം ഇതേ കാലയളവിൽ 76,537 വാഹനങ്ങളുടെ വിൽപ്പനയാണ് ഉണ്ടായത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹന വിൽപ്പന ഇക്കാലയളവിൽ 32 ശതമാനം ഉയർന്ന് 80,679 യൂണിറ്റായി. അതേസമയം, ആഭ്യന്തര വിപണിയിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 36 ശതമാനം വർദ്ധിച്ച് 43,708-ൽ എത്തി.