രാജ്യത്തെ വാഹന വിൽപ്പന കുതിക്കുന്നു! ഇത്തവണ രേഖപ്പെടുത്തിയത് 9 ശതമാനം വർദ്ധനവ്


രാജ്യത്തെ വാഹന വിപണി വീണ്ടും ഉണർവിന്റെ പാതയിൽ എത്തിയതോടെ, വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതി പൂർത്തിയായപ്പോൾ രാജ്യത്തെ വാഹന വിൽപ്പനയിൽ 9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ, വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും വലിയ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ മൊത്തം വിൽപ്പന 10.7 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ, ഈ വർഷം 9 ശതമാനം വർദ്ധനവോടെ ഇത് 11.07 ദശലക്ഷം യൂണിറ്റായിട്ടുണ്ട്.

ഇരുചക്ര വാഹന വിൽപ്പന 7 ശതമാനവും, ത്രീ വീലറുകൾ 66 ശതമാനവും, വാണിജ്യ വ്യവസായ വാഹനങ്ങൾ 3 ശതമാനവും, യാത്രാ വാഹനങ്ങൾ 6 ശതമാനവും, ട്രാക്ടറുകൾ 14 ശതമാനവുമാണ് വിൽപ്പന നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ ത്രീ വീലർ വാഹന വിപണിയാണ് കൂടുതൽ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 5,33,353 യൂണിറ്റ് ത്രീ വീലറുകളാണ് വിറ്റഴിച്ചിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 3,21,964 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിവേഗമാണ് ഇന്ത്യൻ വാഹന വിപണി മറികടന്നത്.