സിഎൻജി കാറുകൾക്ക് ഡിമാൻഡ് ഉയരുന്നു! നടപ്പു സാമ്പത്തിക വർഷം വിൽപ്പന 5 ലക്ഷം കവിയാൻ സാധ്യത


രാജ്യത്ത് സിഎൻജി കാറുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ സിഎൻജി കാറുകളുടെ വിൽപ്പന 36 ശതമാനം ഉയർന്ന് 2.91 ലക്ഷം യൂണിറ്റായിട്ടുണ്ട്. രണ്ടാം പകുതിയിലും ശക്തമായ വിൽപ്പന തുടരുകയാണെങ്കിൽ, മൊത്ത വിൽപ്പന 5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തൽ. പെട്രോളിന്റെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ മിക്ക ആളുകളും ബദൽ മാർഗ്ഗം എന്ന നിലയിൽ സിഎൻജി കാറുകൾ വാങ്ങാൻ ആരംഭിച്ചതോടെയാണ് ഡിമാൻഡ് ഉയർന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ സിഎൻജിക്ക് താരതമ്യേന വില കുറവാണ്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 2,18,942 യൂണിറ്റ് സിഎൻജി കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1,53,034 യൂണിറ്റ് കാറുകൾ വിറ്റഴിക്കാൻ മാരുതിക്ക് സാധിച്ചിരുന്നു. ഈ വർഷം സിഎൻജി കാർ വിൽപ്പനയിൽ 43 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം 4.04 ലക്ഷം സിഎൻജി കാറുകളാണ് വിറ്റഴിച്ചത്. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ, സിഎൻജി വാഹനങ്ങൾക്ക് പ്രവർത്തന ചെലവ് താരതമ്യേന കുറവാണ്.