കാർ ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിച്ച് പ്രമുഖ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിംഗാണ് ഹ്യൂണ്ടായി സ്വന്തമാക്കിയത്. സെപ്റ്റംബറിൽ മാത്രം 71,641 കാർ ബുക്കിംഗുകൾ നേടാൻ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ആഭ്യന്തര വിപണിയിൽ 52,241 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻ വർഷത്തേക്കാൾ കാർ വിൽപ്പനയിൽ 9.13 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 49,700 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ ഹ്യൂണ്ടായിക്ക് വിറ്റഴിക്കാൻ സാധിച്ചത്.
അടുത്തിടെ ഏറ്റവും പുതിയ മോഡലായ എക്സ്റ്റർ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് എക്സ്റ്ററിന് ലഭിച്ചത്. മൈക്രോ എസ്‌യുവി സെഗ്മെന്റിലെ എക്സ്റ്റർ ഇതിനോടകം 80,000 ബുക്കിംഗുകളാണ് നേടിയത്. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവികളുടെ വിഹിതം 65 ശതമാനത്തിലധികമാണ്. ഈ വർഷം സെപ്റ്റംബറിലെ കയറ്റുമതി 28.87 ശതമാനം ഉയർന്ന് 17,400 യൂണിറ്റിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13,501 യൂണിറ്റുകളാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്.