ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ വിൽപ്പനയുമായി ഹ്യുണ്ടായ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റ് മാസത്തിൽ വൻ വിപണി വിഹിതമാണ് ഹ്യുണ്ടായ് സ്വന്തമാക്കിയത്. ഓഗസ്റ്റിൽ മാത്രം 71,435 യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പന നടത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മൊത്തം വിൽപ്പനയിൽ 53,830 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും, 17,605 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് നടന്നിട്ടുള്ളത്. മുൻ വർഷത്തേക്കാൾ ഇത്തവണ 14.82 ശതമാനം അധിക വിൽപ്പന നേടാൻ ഹ്യുണ്ടായ്ക്ക് സാധിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിൽ 62,210 യൂണിറ്റ് വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. ഇതിൽ 49,510 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും, 12,700 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് നടന്നിട്ടുള്ളത്.
ഈ വർഷം ആഭ്യന്തര വിൽപ്പനയിൽ 8.72 ശതമാനത്തിന്റെയും, കയറ്റുമതിയിൽ 38.62 ശതമാനത്തിന്റെയും വർദ്ധനവാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയത്. ഇത്തവണ എസ്‌യുവികൾക്കാണ് കൂടുതൽ ഡിമാൻഡ്. വിൽപ്പനയിൽ 60 ശതമാനവും എസ്‌യുവികളാണ്. കൂടാതെ, ഹ്യുണ്ടായ് അടുത്തിടെ അവതരിപ്പിച്ച എക്സ്റ്ററിന് ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനകം എക്സ്റ്ററിന് മാത്രം 65,000 ബുക്കിംഗുകളാണ് നടന്നിട്ടുള്ളത്. ഇത്തവണ കേരളത്തിൽ ഓണം വിപണി ലക്ഷ്യമിട്ട് നിരവധി ഓഫറുകളും മറ്റും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നു.