കാർബൺ രഹിത ഗതാഗതത്തിന് തുടക്കമിട്ട് ടെക് മഹീന്ദ്ര, കൂടുതൽ വിവരങ്ങൾ അറിയാം


രാജ്യത്ത് കാർബൺ രഹിത ഗതാഗത മേഖലയിൽ പുതിയ ചുവടുവെപ്പുമായി ടെക് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ ജീവനക്കാർക്കായി ഗ്രീൻ ട്രാൻസ്പോർട്ടേഷൻ പദ്ധതിയാണ് ടെക് മഹീന്ദ്ര ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രതിദിനം 5 യാത്രകൾ നടത്താൻ കഴിയുന്ന വാഹനങ്ങളാണ് ജീവനക്കാർക്കായി കമ്പനി നൽകിയിരിക്കുന്നത്. കാർബൺ രഹിത ഗതാഗതം എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നോയിഡയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ജീവനക്കാർക്കായി വിതരണം ചെയ്ത വാഹനങ്ങൾ 250 കിലോമീറ്റർ താണ്ടുമെന്നും, പ്രതിമാസം 13,500 ലിറ്റർ ഇന്ധനം ലാഭിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ‘കാർബൺ പുറന്തള്ളൽ പരമാവധി കുറച്ച്, പരിസ്ഥിതിയിലും മനുഷ്യനിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗ്രീൻ മൊബിലിറ്റിയിലേക്ക് മാറാനാണ് കമ്പനിയുടെ തീരുമാനം’, ടെക് മഹീന്ദ്രയുടെ ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസറും, മാർക്കറ്റിംഗ് ഹെഡുമായ ഹർഷവേന്ദ്ര സോയിൻ പറഞ്ഞു.