വാഹന യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമിനാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. റോഡ് സുരക്ഷയ്ക്ക് പുറമേ, വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്ന തരത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചു. ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടുണ്ടെങ്കിലും, ഒക്ടോബർ 1 മുതലാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുക.
വിപണിയിൽ ലഭ്യമായ കാറുകളുടെ ക്രാഷ് സേഫ്റ്റി താരതമ്യം ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. താരതമ്യ പഠനത്തിലൂടെ ഉപഭോക്താക്കൾക്ക് സ്വയം സുരക്ഷിതമായ കാർ ഏതെന്ന് കണ്ടെത്തി അവ വാങ്ങാനാകും. വിപണിയിലുള്ള വിവിധ വാഹനങ്ങൾ എത്രമാത്രം സുരക്ഷിതമാണെന്ന് മുൻകൂട്ടി മനസിലാക്കി കാർ വാങ്ങാൻ ഉപഭോക്താവിനെ പ്രാപ്തരാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. ക്രാഷ് ടെസ്റ്റിന് ശേഷം കാറുകൾക്ക് പ്രത്യേക റേറ്റിംഗ് നൽകും.
കുട്ടികളുടെയും മുതിർന്നവരുടെയും വാഹന സുരക്ഷയെ മുൻനിർത്തിയാണ് റേറ്റിംഗ് നൽകുക. ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച വാഹനങ്ങൾക്ക് ത്രീസ്റ്റാർ റേറ്റിംഗ് നൽകുന്നതാണ്. വാഹനത്തിന്റെ പ്രകടനത്തിന് അനുസരിച്ച് റേറ്റിംഗിൽ വ്യത്യാസം വരാം. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പുലർത്തുന്നതോടെ, ഇന്ത്യൻ കാറുകൾക്ക് ആഗോളതലത്തിൽ മത്സരിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഇത് കയറ്റുമതിയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.