രാജ്യത്ത് ആഡംബര കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും, കാർഷിക രംഗത്ത് നിന്നുള്ള ഉയർന്ന വരുമാനവുമാണ് രാജ്യത്തെ ആഡംബര കാറുകളുടെ കച്ചവടത്തിൽ പുത്തൻ ഉണർവ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട വിപണിയായി ഇന്ത്യ മാറുകയാണ്. പ്രമുഖ ലക്ഷ്വറി ബ്രാൻഡുകളായ മേഴ്സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, ലക്സസ്, ജാഗ്വാർ തുടങ്ങിയവയ്ക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ വലിയ രീതിയിലുള്ള നേട്ടം വിപണിയിൽ നിന്ന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ഏകദേശം നാല് മാസം നീണ്ടുനിന്ന ഉത്സവ സീസണിൽ ലക്ഷ്വറി കാറുകളുടെ വിൽപ്പന വലിയ രീതിയിൽ ഉയർന്നിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, കമ്പനികൾ ഇതുവരെ ഉത്സവ സീസണിലെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. വിദേശ നിർമ്മിത ലക്ഷ്വറി കാറുകളുടെ വാങ്ങാൻ താൽപര്യം മുൻപ് ഒരിക്കലും ഇല്ലാത്ത തരത്തിൽ ഇക്കുറി ഗണ്യമായി ഉയർന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മേഖല പ്രതികൂല സാഹചര്യങ്ങളിൽ എല്ലാം മറികടന്ന്, ചരിത്രം മുന്നേറ്റം നടത്തുന്നതിന്റെ സൂചനയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്ന് വാഹന വിപണിയിൽ ഉള്ളവർ വ്യക്തമാക്കി.
ചെറുകിട, ഇടത്തരം കമ്പനികളുടേത് മുതൽ ലിസ്റ്റ് ചെയ്ത കടലാസ് കമ്പനികളുടെ വരെ ഓഹരി വില ഇത്തവണത്തെ സ്റ്റോക്ക് മാർക്കറ്റ് ബൂമിൽ കുതിച്ചുയർന്നതാണ് പുതിയ സമ്പന്നരുടെ വലിയ നിര സൃഷ്ടിച്ചത്. കൂടാതെ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉദാരമായി വായ്പ നൽകിയതും ലക്ഷ്വറി കാറുകളുടെ വിൽപ്പന ഗണ്യമായി ഉയരാൻ സഹായിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിൽ ഔഡി കാർ നിർമ്മാതാക്കൾ 3,500 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതോടെ, മുൻ വർഷത്തേക്കാൾ 97 ശതമാനം വളർച്ച കൈവരിക്കാൻ ഔഡിക്ക് സാധിച്ചിട്ടുണ്ട്.