ഇന്ത്യൻ നിരത്തുകളിൽ ആധിപത്യം നേടാൻ ഇലക്ട്രിക് ബസുകളെത്തുന്നു! സ്വിച്ച് മൊബിലിറ്റിയിൽ കോടികളുടെ നിക്ഷേപവുമായി ലെയ്‌ലാൻഡ്


ഇന്ത്യൻ നിരത്തുകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ആധിപത്യമാണ് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ നേടിയെടുത്തത്. കൂടാതെ, പൊതുഗതാഗത മേഖല കീഴടക്കാനും ഇലക്ട്രിക് വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളുടെ നിർമ്മാണം ത്വരിതപ്പെടുത്താൻ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ വാണിജ്യ വാഹന കമ്പനിയായ ലെയ്‌ലാൻഡ്. സ്വിച്ച് മൊബിലിറ്റിയിൽ 1200 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച അനുമതി നൽകിയിട്ടുണ്ട്. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയാണ് സ്വിച്ച് മൊബിലിറ്റി.

ഇന്ത്യയിലെയും യുകെയിലെയും വാഹന നിർമ്മാണം, റിസർച്ച് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ലെയ്‌ലാൻഡ് കോടികളുടെ നിക്ഷേപം നടത്തുന്നത്. ഇതിനോടൊപ്പം 2024-ൽ സ്വിച്ച് ഇ1 എന്ന 12 മീറ്റർ ബസ് പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഒരേസമയം 65 ഓളം പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസാണ് സ്വിച്ച് ഇ1. ഒറ്റത്തതവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെയാണ് സഞ്ചരിക്കാൻ കഴിയുക. ഈ ബസിൽ 231 kwh കപ്പാസിറ്റിയുള്ള ട്രൂ സ്ട്രിംഗ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻഎംസി ബാറ്ററി പാക്കും, ഡ്യുവൽ ഗൺ ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.