ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, കോപ്പർ കണക്ഷൻ ബ്രോഡ്ബാൻഡിനും (ഡിഎസ്എൽ), ഫൈബർ കണക്ഷൻ ബ്രോഡ്ബാൻഡിനും ഇനി മുതൽ ഇൻസ്റ്റളേഷൻ ചാർജ് നൽകേണ്ടതില്ല. മുൻപ്, ബിഎസ്എൻഎലിന്റെ ഡിഎസ്എൽ കണക്ഷൻ എടുക്കുന്നവർക്ക് 250 രൂപ ഇൻസ്റ്റാളേഷൻ ചാർജായി നൽകേണ്ടതുണ്ട്. ഫൈബർ കണക്ഷൻ എടുക്കുന്നവരിൽ നിന്ന് 500 രൂപയാണ് ഇൻസ്റ്റാളേഷൻ ചാർജായി ഈടാക്കിയിരുന്നത്. ഈ നിരക്കുകളാണ് ബിഎസ്എൻഎൽ ഒഴിവാക്കിയിരിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവുകൾ നൽകുന്നത്. അതേസമയം, ഇൻസ്റ്റാളേഷൻ ചാർജുകൾ താൽക്കാലികമായിട്ടാണ് ഒഴിവാക്കുന്നതെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. 2023 മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം നൽകിയിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പോലും ഇൻസ്റ്റാളേഷൻ ചാർജുകൾ ഈടാക്കുകയില്ല.