തിരുവനന്തപുരത്ത് നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് നേരിട്ടുള്ള സർവീസുമായി പ്രമുഖ എയർലൈനായ ഇൻഡിഗോ. മുൻപ് തിരുവനന്തപുരം- നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ രണ്ട് വിമാനങ്ങളിൽ മാറിക്കയറേണ്ട ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. 45 മിനിറ്റ് നേരം പൂനെയിൽ വിമാനം നിർത്തുമെങ്കിലും, യാത്രക്കാർക്ക് മാറിക്കയറേണ്ട ആവശ്യമില്ല.
തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 3.05- നാണ് ഇൻഡിഗോയുടെ 6ഇ-2447 എന്ന വിമാനം പുറപ്പെടുക. പൂനെ വഴി രാവിലെ 7 മണിക്ക് നാഗ്പൂരിൽ എത്തിച്ചേരുന്നതാണ്. തിരിച്ച് 6ഇ- 835 വിമാനം നാഗ്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12.05 പുറപ്പെട്ടു വൈകിട്ട് 4.10- ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഇന്ത്യയുടെ തെക്കേയറ്റം വരെയുള്ള ഓറഞ്ച് സിറ്റിയിലേക്കും തിരിച്ചുമുള്ള സഞ്ചാരികൾക്കും, സ്ഥിരം യാത്രക്കാർക്കുമാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുക.
തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ ശരാശരി എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഇൻഡിഗോ എത്തിയത്. കഴിഞ്ഞ ജനുവരിയിൽ ഇൻഡിഗോ തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പ്രതിദിന വിമാന സർവീസ് ആരംഭിച്ചിരുന്നു.