നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 125 ശതമാനം ലാഭവളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ഇക്കാലയളവിൽ 34,774 കോടി രൂപയുടെ മൊത്തം അറ്റാദായം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നാല് ബാങ്കുകളുടെ അറ്റാദായം 100 ശതമാനത്തോളമാണ് ഉയർന്നത്.
പൊതുമേഖലാ ബാങ്കുകളുടെ വളർച്ചയിൽ ഇത്തവണ ഒന്നാമതെത്തിയിരിക്കുന്നത് പഞ്ചാബ് നാഷണൽ ബാങ്കാണ് (പിഎൻബി). 307.5 ശതമാനം വളർച്ചയാണ് പിഎൻബി രേഖപ്പെടുത്തിയത്. അതേസമയം, ഉയർന്ന ലാഭം കൈവരിക്കാൻ സാധിച്ചത് എസ്ബിഐക്കാണ്. 16,884 കോടി രൂപയുടെ അറ്റാദായമാണ് എസ്ബിഐ രേഖപ്പെടുത്തിയത്. പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ പകുതിയിൽ ഏറെയും സ്വന്തമാക്കാൻ എസ്ബിഐക്ക് സാധിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ബറോഡ 176 ശതമാനം വളർച്ചയോടെ, 1,551 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് തുടങ്ങിയവയും 80 ശതമാനം മുതൽ 95 ശതമാനം വരെ ലാഭവളർച്ച നേടി. ഉയർന്ന പലിശ നിരക്കാണ് ഇത്തവണ ബാങ്കുകളുടെ ലാഭം വർദ്ധിക്കാനുള്ള പ്രധാന കാരണം.