പണമിടപാട് രംഗത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത സംവിധാനമാണ് യുപിഐ. ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിനായി യുപിഐയിൽ വിവിധ തരത്തിലുള്ള പരിഷ്കാരങ്ങൾ ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഇത്തവണ യുപിഐ ഇടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന പുതിയൊരു സംവിധാനത്തെ കുറിച്ചാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഐ ഇടപാട് രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് ആർബിഐയുടെ നീക്കം.
നടപ്പ് സാമ്പത്തിക വർഷത്തെ പണനയ പ്രഖ്യാപന വേളയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നൽകിയത്. എഐ അധിഷ്ഠിത സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും പണമിടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. നിലവിൽ, എഐയുടെ സാധ്യതകൾ ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുപിഐ ഇടപാടുകളിലേക്കും എഐ എത്തിക്കാനുള്ള ശ്രമങ്ങൾ ആർബിഐ നടത്തുന്നത്.