കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം


കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൂടുതൽ വിളകൾ കൂടി ഉൾപ്പെടുത്തി. തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർ വർഗ്ഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയ വിളകളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരേസമയം, കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിലും, സംസ്ഥാന ഇൻഷുറൻസിലും കർഷകർക്ക് ചേരാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര പദ്ധതിയിൽ അംഗമാകുന്നതോടെ, പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് വിളവിലുണ്ടാകുന്ന കുറവിന് പോലും ഇൻഷുറൻസ് ലഭിക്കുന്നതാണ്.

സംസ്ഥാന പദ്ധതി അനുസരിച്ച്, നെല്ല്, പച്ചക്കറി തുടങ്ങിയവയ്ക്ക് നിശ്ചിത ദിവസത്തിനകം, തെങ്ങ്, കവുങ്ങ് പോലുള്ള വിളകൾക്ക് ഏതുസമയത്തും ഇൻഷുറൻസ് ചെയ്യാവുന്നതാണ്. കർഷകർക്ക് കേന്ദ്ര ഇൻഷുറൻസിനായി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാനാകും. കേന്ദ്രസർക്കാറിന്റെ വെബ്സൈറ്റ് വഴിയോ, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഏജന്റുമാർ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, നികുതി രസീത് എന്നിവയാണ് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ.