ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു, പ്രാദേശിക കറൻസിയിൽ ആദ്യ ക്രൂഡോയിൽ വ്യാപാരം നടത്തി


പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡോയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും. ചരിത്രത്തിൽ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡോയിൽ വ്യാപാരം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അബുദാബി നാഷണൽ ഓയിൽ കമ്പനിയും, ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ പത്ത് ലക്ഷം ബാരൽ ക്രൂഡോയിൽ വ്യാപാരമാണ് പ്രാദേശിക കറൻസി ഉപയോഗിച്ച് നടത്തിയിരിക്കുന്നത്. ഡോളറിന് പകരം, ഇന്ത്യൻ രൂപയും ദിർഹവും ഉപയോഗിച്ചാണ് വ്യാപാരം നടത്തിയത്.

രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റത്തിൽ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും, യുഎഇ ദിർഹവും ഉപയോഗിച്ച് വ്യാപാരം നടത്താനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അന്നേദിവസം 12.84 കോടി രൂപയ്ക്ക് 25 കിലോ സ്വർണം പ്രാദേശിക കറൻസി ഇടപാടിലൂടെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. എൽടിഎസ് വഴിയുള്ള ആദ്യ ഇടപാട് കൂടിയായിരുന്നു അത്.

വിദേശരാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും യുഎഇയും ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം നടപ്പാക്കിയത്. ഇടപാടുകൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കുന്നതിനാൽ ഇന്ത്യൻ രൂപയുടെ സ്ഥിരത വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്. കൂടാതെ, വ്യാപാരികൾക്ക് ഈ സംവിധാനത്തിലൂടെ പേയ്മെന്റ് കറൻസി തിരഞ്ഞെടുക്കാനും സാധിക്കും.