ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി വ്യാപാരം


ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ഓഹരി വിപണി. കനത്ത വിൽപ്പന സമ്മർദ്ദത്തിനിടയിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 137.50 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,539.42-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 30.50 പോയിന്റ് നേട്ടത്തിൽ 19,465- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.

മെറ്റൽ, ബാങ്ക് സൂചികകൾ ഒഴികെ മറ്റെല്ലാ മേഖലകളും ഇന്ന് നേട്ടത്തിലായിരുന്നു. പവർ, ഓട്ടോ, റിയൽറ്റി, ഐടി, ഫാർമ, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയവ ഒരു ശതമാനം വരെ ഉയർന്നു. അൾട്രാ ടെക് സിമന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ്, ടാറ്റാ മോട്ടേഴ്സ് എന്നിവ നിഫ്റ്റിയിലും, ജെഎസ്ഡബ്ല്യു എനർജി, എക്സകോർട്സ്, ലുപിൻ എന്നിവ സെൻസെക്സിലും നേട്ടം ഉണ്ടാക്കി. അതേസമയം, ടാറ്റാ സ്റ്റീൽ, അദാനി പോർട്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.