ഇന്ത്യൻ വിപണി കീഴടക്കാൻ തന്ത്രപരമായ നീക്കവുമായി ബാറ്റ


ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം നേടിയെടുക്കാൻ പുതിയ നീക്കവുമായി ബാറ്റ. ആഗോള തലത്തിൽ ജനപ്രീതിയുള്ള ബ്രാൻഡായ അഡിഡാസുമായി കൈകോർത്താണ് ബാറ്റയുടെ പുതിയ പദ്ധതി. ഇത് സംബന്ധിച്ച് അഡിഡാസും ബാറ്റയും ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇരു കമ്പനികളുടെയും സഖ്യത്തിലൂടെയാണ് ഇന്ത്യൻ വിപണിയിൽ ഇടം നേടുക.

ഇന്ത്യൻ വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുക. 2 പാദരക്ഷാ ഭീമന്മാർ തമ്മിലുള്ള കൈകോർക്കൽ സാധ്യമായാൽ ഉയർന്ന ആഭ്യന്തര വിപണി വിഹിതം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 70 റീട്ടെയിൽ സ്റ്റോറുകൾ കൂടി ബാറ്റ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ആകെ സ്റ്റോറുകളുടെ എണ്ണം 2,100 ആയാണ് ഉയർന്നിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ബാറ്റയ്ക്ക് ആരാധകർ ഏറെയുണ്ടെങ്കിലും, ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. മുൻ വർഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദത്തിൽ 119.3 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.