ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കയിലെ പലിശ നിരക്കുകളും ചൈനീസ് സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ആശങ്കകളും ആഗോളതലത്തിൽ പ്രതിഫലിച്ചതിനെ തുടർന്നാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 388 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,151-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 100 പോയിന്റ് നേട്ടത്തിൽ 19,365-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിൽ ഇന്ന് 1,836 ഓഹരികൾ നേട്ടത്തിലും, 1,742 ഓഹരികൾ നഷ്ടത്തിലും, 162 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഐടി, ധനകാര്യ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.2 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്, ബാറ്റ ഇന്ത്യ, ഗ്യാൻഡ് ഫാർമ, അദാനി പോർട്സ് തുടങ്ങിയവയാണ് നേട്ടം കൈവരിച്ചത്. അതേസമയം, ജെഎസ്ഡബ്ല്യു എനർജി, ബജാജ് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ്, ദീപക് നൈട്രൈറ്റ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.