രാജ്യത്തെ ചെറുകിട ബിസിനസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, വിപുലീകരിക്കാനും പുതിയ പദ്ധതിയുമായി ഗൂഗിൾ ഇന്ത്യ. ചെറുകിട ബിസിനസുകൾക്ക് സഹായകമാകുന്ന തരത്തിൽ വായ്പ സേവനങ്ങൾ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. രാജ്യത്തെ ചെറുകിട വ്യവസായികൾക്ക് മിക്കപ്പോഴും ചെറിയ ലോണുകൾ ആവശ്യമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗൂഗിൾ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾക്ക് 15,000 രൂപ വരെയാണ് വായ്പ നൽകുക.
സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തിരിച്ചടവ് തുകയാണ് ഗൂഗിൾ വായ്പയുടെ പ്രധാന പ്രത്യേകത. വായ്പയെടുക്കുന്നവർ 111 രൂപയിൽ താഴെ തിരിച്ചടവ് തുക നൽകിയാൽ മതിയാകും. വായ്പ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് ഗൂഗിളിന്റെ പുതിയ നീക്കം. മാസങ്ങൾക്ക് മുൻപ് തന്നെ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ഗൂഗിൾ നൽകിയിരുന്നു.
വ്യാപാരങ്ങൾക്ക് അവരുടെ മൂലധന ആവശ്യകതകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ മുഖാന്തരം ക്രെഡിറ്റ് ലൈൻ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇ-പേ ലേറ്ററിന്റെ പങ്കാളിത്തത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ വ്യാപാരികൾക്ക് വായ്പയെടുക്കാനും, സ്റ്റോക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കാനും കഴിയുന്നതാണ്.