സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് അറിയാം! കേരള ടൂറിസത്തിന്റെ മൈക്രോ വെബ്സൈറ്റ് ഉടൻ പുറത്തിറക്കും
കേരളത്തിന്റെ സംസ്കാരവും പൈതൃകവും പാരമ്പര്യവും നിലനിർത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ പുതിയ പദ്ധതിയുമായി കേരള ടൂറിസം. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന മൈക്രോ വെബ്സൈറ്റ് പുറത്തിറക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. കേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളും, ചിത്രങ്ങളും, വീഡിയോകളും ഉൾക്കൊള്ളിച്ചാണ് മൈക്രോ വെബ്സൈറ്റ് രൂപകൽപ്പന ചെയ്യുന്നത്. മൈക്രോ വെബ്സൈറ്റിനായി ആദ്യം പരിഗണിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയാണ്.
ശബരിമലയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തും. ഈ വിവരങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ വായിക്കാൻ കഴിയുന്നതാണ്. തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്ക് പുറമേ, താമസസൗകര്യം, യാത്രാ മാർഗ്ഗങ്ങൾ, ബുക്കിംഗ് സൗകര്യങ്ങൾ എന്നിവയും മൈക്രോ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കും. ഇതിനോടൊപ്പം തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കേന്ദ്രങ്ങളും, അവിടെയുള്ള പ്രാദേശിക ഭക്ഷ്യ വിഭവങ്ങളെക്കുറിച്ചും ലഘുലേഖനങ്ങൾ ലഭ്യമാക്കുന്നതാണ്. കോടികളുടെ ചെലവിലാണ് ഈ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. മൈക്രോ വെബ്സൈറ്റ് പുറത്തിറക്കുന്നതിലൂടെ സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.