വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അനിവാര്യമായ ഒന്നാണ് സിബിൽ സ്കോർ. പലപ്പോഴും ബാങ്കിൽ എത്തുമ്പോഴാണ് സിബിൽ സ്കോറിനെ കുറിച്ച് മിക്ക ആളുകളും അറിയാറുള്ളത്. വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വായ്പ നൽകാനോ, ക്രെഡിറ്റ് കാർഡുകൾ നൽകാനോ, ധനകാര്യസ്ഥാപനങ്ങൾ തീരുമാനിക്കുമ്പോൾ വായ്പക്കാരന്റെ സിബിൽ സ്കോർ നിർബന്ധമായും പരിശോധിക്കും. കുറഞ്ഞ സിബിൽ സ്കോറാണ് ഉള്ളതെങ്കിൽ വായ്പാ ചെലവും താരതമ്യേന ഉയരും. മികച്ച സിബിൽ സ്കോറാണ് ഉള്ളതെങ്കിൽ, വായ്പ വേഗത്തിൽ ലഭിക്കുന്നതാണ്.
300-നും 900-നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. സാധാരണയായി 750 നു മുകളിലുള്ള സ്കോറാണ് മികച്ചതായി കണക്കാക്കുന്നത്. ഇതിലൂടെ ഒരു വ്യക്തി വായ്പ തിരിച്ചടവിൽ കുടിശ്ശിക ഉണ്ടാക്കിയിട്ടുണ്ടോയെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. സിബിൽ സ്കോറുകൾ മെച്ചപ്പെട്ട രീതിയിൽ നിലനിർത്താൻ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. എന്തൊക്കെയെന്ന് പരിചയപ്പെടാം.
- മെച്ചപ്പെട്ട സിബിൽ സ്കോർ ലഭിക്കുന്നതിനായി ക്രെഡിറ്റ് വിനിയോഗ അനുപാതം 30 ശതമാനത്തിൽ കൂടാതെ ശ്രദ്ധിക്കേണ്ടതാണ്.
- വായ്പ കുടിശ്ശിക ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ, മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ഏതെങ്കിലും വായ്പ കുടിശ്ശികയായിട്ടുണ്ടെങ്കിൽ അവ കൃത്യസമയത്ത് തിരിച്ചടയ്ക്കേണ്ടതാണ്.
- ഉയർന്ന സിബിൽ സ്കോർ ലഭിക്കാൻ വായ്പ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് ഗുണം ചെയ്യും.