രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ


രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ് ഹരിത വ്യവസായ മേഖലയിൽ സൃഷ്ടിക്കപ്പെടുക. നിലവിൽ, ഈ മേഖലയിൽ 18 ലക്ഷം തൊഴിലവസരങ്ങളാണ് ഉള്ളത്. പുനരുപയോഗ ഊർജ്ജം, പാരിസ്ഥിതിക ആരോഗ്യ സുരക്ഷ, സൗരോർജ്ജം, സുസ്ഥിരത തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ പ്രധാനമായും വർദ്ധിക്കാൻ സാധ്യത. മെച്ചപ്പെട്ട രീതിയിൽ നിയമനം നടത്തുന്ന മേഖലയായി ഇതിനോടകം ഹരിത വ്യവസായ മേഖല മാറിയിട്ടുണ്ട്. കൂടാതെ, ഈ മേഖലയിലേക്ക് എത്തുന്ന കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഒട്ടനവധി കമ്പനികൾ ഹരിത വ്യവസായം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സോളാർ പ്രോജക്ട് മാനേജർമാർ, സോളാർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ടെക്നീഷ്യന്മാർ, വിൻഡ് എനർജി എൻജിനീയർമാർ, ബയോ ഫ്യുവൽ പ്രോസസ് എൻജിനീയർമാർ, കാർബൺ അനലിസ്റ്റുകൾ, സുസ്ഥിരത കൺസൾട്ടന്റുകൾ, ഇ-വേസ്റ്റ് മാനേജർമാർ, ഹൈഡ്രജൻ പ്രോജക്ട് മാനേജർമാർ തുടങ്ങിയ മേഖലകളിലേക്കാണ് നിയമനങ്ങൾ കൂടുതലും നടത്തുക. അതുകൊണ്ടുതന്നെ ഈ വിഭാഗം ജോലികൾക്ക് കൂടുതൽ ഡിമാൻഡ് പ്രതീക്ഷിക്കാവുന്നതാണ്. ഇ-മാലിന്യങ്ങൾ ഉൾപ്പെടുന്ന മാലിന്യ സംസ്കരണ മേഖലയിലെ തൊഴിലവസരങ്ങളിൽ 20 ശതമാനത്തിന്റെയും, മലിനജല മാനേജ്മെന്റ് മേഖലയിൽ 16 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.