ആഗോള ടെക് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്ന് 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഈ വർഷം ആദ്യവും ആമസോൺ കൂട്ടപ്പിരിച്ചുവിടുൽ നടത്തിയിരുന്നു. ഇതോടെ, 2023-ൽ മാത്രം ആമസോണിൽ നിന്ന് പടിയിറങ്ങിയ ജീവനക്കാരുടെ എണ്ണം 27,000 ആയി ഉയർന്നു. ഇത്തവണ ആമസോൺ മ്യൂസിക്കൽ ടീമിൽ നിന്നുള്ളവരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിച്ചത്.
18000 പേരെ പുറത്താക്കിയിട്ടുണ്ടെങ്കിലും, ഏതൊക്കെ തസ്തികകളിലാണ് പിരിച്ചുവിടൽ നടന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ആമസോൺ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് പുതിയ നടപടി. കഴിഞ്ഞ വർഷം മുതൽ ആഗോള ടെക് ഭീമന്മാരെല്ലാം പിരിച്ചുവിടലിന്റെ പാതയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് പല ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം ട്വിറ്റർ (എക്സ്) പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.