ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ ഏതൊരു ഔദ്യോഗിക കാര്യത്തിനും ഇന്ന് ആധാർ കാർഡ് അനിവാര്യമാണ്. അതിനാൽ, ഓരോ കാലയളവിലും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തണം.

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം പേര്, മേൽവിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ സ്വന്തമായി മാറ്റാൻ കഴിയും. എന്നാൽ, ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ തൊട്ടടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. ഫിംഗർ പ്രിന്റ്, ഐറിസ്, ഫോട്ടോ എന്നിവയാണ് ബയോമെട്രിക് വിവരങ്ങൾ. ഇതിൽ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയാം.

ആധാർ എൻറോൾമെന്റ് സെന്ററിൽ പോകുന്നതിനു മുൻപ് യുഐഡിഎഐയുടെ വെബ്സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക. ഇതിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചതിനു ശേഷം ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. തുടർന്ന്, ബയോമെട്രിക് വെരിഫിക്കേഷനിലൂടെ വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം ആധാർ എക്സിക്യൂട്ടീവ് ഉപഭോക്താവിന്റെ ഫോട്ടോ എടുക്കുന്നതാണ്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയായാൽ അപ്ഡേറ്റഡ് റിക്വസ്റ്റ് നമ്പറും, അക്നോളജ്മെന്റ് സ്ലിപ്പും ലഭിക്കും. ഇത് ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ആകാൻ പരമാവധി 90 ദിവസമാണ് ആവശ്യമായ സമയം.