ഉത്സവ സീസണിൽ ലാഭം പ്രതീക്ഷിച്ച വിമാന കമ്പനികൾക്ക് തിരിച്ചടി! നിരക്കുകൾ 8 ശതമാനം വെട്ടിക്കുറച്ചു


ഉത്സവ സീസണിൽ മികച്ച ലാഭം പ്രതീക്ഷിച്ച് നിരക്കുകൾ കുത്തനെ ഉയർത്തിയ വിമാന കമ്പനികൾക്ക് തിരിച്ചടി. അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്കുകൾ  ഉയർത്തിയെങ്കിലും, ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നതിന് യാത്രക്കാർ വിമുഖത പ്രകടിപ്പിച്ചതാണ് വിമാന കമ്പനികൾക്ക് തിരിച്ചടിയായത്. ഇതോടെ, യാത്രക്കാരെ ആകർഷിക്കാൻ 8 ശതമാനത്തോളമാണ് ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നത്. രാജ്യത്തെ ബജറ്റ് കാരിയറായ ഗോഫസ്റ്റ് സർവീസ് നിർത്തിയതിനാൽ, മറ്റ് വിമാന കമ്പനികൾ മികച്ച ഡിമാൻഡ് പ്രതീക്ഷിച്ചാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

ദീപാവലി അടക്കമുള്ള ഉത്സവ സീസണിനോട് അനുബന്ധിച്ച് ഏകദേശം 90 ശതമാനം യാത്രക്കാരെയാണ് എയർലൈനുകൾ പ്രതീക്ഷിച്ചത്. എന്നാൽ, നിരക്കുകൾ കുത്തനെ ഉയർന്നതോടെ ശരാശരി യാത്രക്കാരുടെ എണ്ണം 85 ശതമാനത്തിൽ താഴെയായി ചുരുങ്ങി. ഇതോടെ, വിമാന കമ്പനികളുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ ഉത്സവ സീസണമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിമാന ഇന്ധനം, എയർപോർട്ട് ചാർജുകൾ ഉൾപ്പെടെയുള്ള ഉയർന്ന ചെലവ് കാരണം വിമാന കമ്പനികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിരക്കുകൾ കുറയ്ക്കേണ്ടി വന്നിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധാരണയായി ആഭ്യന്തര വിമാന സർവീസുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.