ഇന്ത്യൻ വിപണിയിൽ കൂടുതൽ ലക്ഷ്വറി ബ്രാൻഡുകൾ എത്തുന്നു, ഇത്തവണ ആധിപത്യം ഉറപ്പിച്ചത് ബ്രിയോണി


ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ലക്ഷ്വറി ബ്രാൻഡുകളുടെ ഇഷ്ട ഇടമായി മാറാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബ്രാൻഡുകളാണ് പുതുതായി എത്തിയിട്ടുള്ളത്. ഇത്തവണ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ പ്രമുഖ ലക്ഷ്വറി വസ്ത്ര ബ്രാൻഡായ ബ്രിയോണിയാണ് എത്തിയിരിക്കുന്നത്. അന്വേഷണാത്മക ത്രില്ലറിലൂടെ പ്രേക്ഷകരെ കിടിലം കൊള്ളിച്ച ജെയിംസ് ബോണ്ട് സിനിമകളിൽ നായകൻ ഉപയോഗിച്ച ബ്രാൻഡ് കൂടിയാണ് ബ്രിയോണി. വെള്ളിത്തിരയെ ഇളക്കിമറിച്ച പിയേഴ്സ് ബ്രോസ്നൻ ധരിച്ച ഈ ഇറ്റാലിയൻ പുരുഷ വസ്ത്ര ബ്രാൻഡിന് ആഗോളതലത്തിൽ തന്നെ നിരവധി ആരാധകരാണ് ഉള്ളത്.

ഡൽഹിയിലെ ആഡംബര റീട്ടെയിൽ കോംപ്ലക്സായ ദി ചാണിക്യയിലാണ് ബ്രിയോണി പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ധരംപാൽ സത്യപാൽ ഗ്രൂപ്പ് ലിമിറ്റഡ് സ്ഥാപനമായ ഡി.എസ് ലക്ഷ്വറിയാണ് ബ്രിയോണി എന്ന ബ്രാൻഡിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇറ്റലിയിൽ നിർമ്മിച്ച റെഡി ടു വെയർ വസ്ത്രങ്ങൾ, ലതർ വസ്തുക്കൾ, ഷൂസ്, ആക്സസറികൾ, ഫോർമൽ വെയർ, ലെഷർ വെയർ തുടങ്ങിയവ ബ്രിയോണി സ്റ്റോറുകളിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ നിന്ന് ബ്രിയോണിയുടെ ഉൽപ്പന്നങ്ങൾക്ക് വലിയ ജനപ്രീതി നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.