വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോടികളുടെ നിക്ഷേപ പദ്ധതിയുമായി കർണാടക സർക്കാർ. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലാണ് കോടികളുടെ നിക്ഷേപ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 40000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. നോളജ്, ഹെൽത്ത് കെയർ, ഇന്നവേഷൻ റിസർച്ച് സിറ്റി അഥവാ കെ.എച്ച്.ഐ.ആർ സിറ്റിയാണ് ഇത് ആസൂത്രണം ചെയ്യുന്നത്. ഏകദേശം 80000-ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
കെ.എച്ച്.ഐ.ആർ സിറ്റിയിൽ വരുന്ന സംരംഭങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനും, ആഗോളതലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം ആകർഷിക്കാനും, സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് സംഭാവന നൽകാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന ജിഡിപിയിലേക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപയെങ്കിലും സംഭാവന നൽകുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിലെ ഏതാണ്ട് 60 ശതമാനത്തിലധികം ബയോടെക് കമ്പനികളും, 350-ലധികം മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാതാക്കളും കർണാടകയിൽ തന്നെ ഉള്ളതിനാൽ കെ.എച്ച്.ഐ.ആർ സിറ്റി ഇത്തരം നിക്ഷേപങ്ങൾ ആകർഷിക്കാൻ അനുയോജ്യമായ ഇടമാണ്.