പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അന്തിമ തയ്യാറെടുപ്പുമായി ടാറ്റ ടെക്നോളജീസ്. നിക്ഷേപകർ ഏറെ നാളായി കാത്തിരുന്ന ഐപിഒ ആണ് നവംബർ 22ന് യാഥാർത്ഥ്യമാകുന്നത്. മൂന്ന് ദിവസം നീളുന്ന ഐപിഒ നവംബർ 24ന് അവസാനിക്കും. ഈ വർഷം മാർച്ചിലാണ് ടാറ്റ ടെക്നോളജീസ് സെബിക്ക് മുൻപാകെ ഐപിഒ നടത്താനുള്ള അപേക്ഷ നൽകിയത്. തുടർന്ന് ജൂൺ മാസം സെബി അനുമതി നൽകുകയായിരുന്നു. നിലവിൽ, ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഇത്തവണ നടക്കുന്ന ഐപിഒയിൽ പുതിയ ഓഹരികളുടെ വിൽപ്പന ഉണ്ടായിരിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രമോട്ടർമാരുടെയും മറ്റ് ഓഹരി ഉടമകളുടെയും ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ മാത്രമാണ് ഇക്കുറി ഉണ്ടായിരിക്കുക.
നേരത്തെ ഓഫർ ഫോർ സെയിലിലൂടെ 9.57 കോടി ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് 6.08 കോടി ഓഹരികൾ മാത്രമേ വിൽക്കുകയുള്ളൂ എന്ന് ടാറ്റ ടെക്നോളജീസ് അറിയിച്ചിട്ടുണ്ട്. നിലവിൽ, ടാറ്റ ടെക്നോളജീസിന്റെ 74.69 ശതമാനം ഓഹരികൾ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ കൈവശമാണ് ഉള്ളത്. ഒഎഫ്എസിൽ 4.62 കോടി ഓഹരികൾ ടാറ്റ മോട്ടോഴ്സും, 97.1 ലക്ഷം ഓഹരികൾ ആൽഫ ടിസി ഹോൾഡിംഗ്സും, 48 ലക്ഷം ഓഹരികൾ ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടും വിറ്റഴിക്കുന്നതാണ്. 16,300 കോടി രൂപയാണ് ടാറ്റ ടെക്നോളജീസിന്റെ വിപണി മൂല്യം കണക്കാക്കിയിട്ടുള്ളത്. അതേസമയം, ഐപിഒ മുഖാന്തരം എത്ര രൂപ സമാഹരിക്കുമെന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.