മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നു? കുത്തനെ ഇടിഞ്ഞ് ഉപഭോഗം


മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, വൈൻ, ബിയർ, വിദേശ നിർമ്മിത വിദേശ മദ്യം എന്നിവയുടെയെല്ലാം വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓണക്കാലമായ ആഗസ്റ്റിൽ മികച്ച വിറ്റുവരവ് നേടിയെങ്കിലും, മറ്റു മാസങ്ങളിൽ എല്ലാം ഉപഭോഗത്തിന്റെ അളവ് തുടർച്ചയായി താഴേക്കാണ്. കേരള ബിവറേജസ് കോർപ്പറേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ഇന്ത്യൻ നിർമ്മിത മദ്യത്തിന്റെ വിൽപ്പന 1,321 കോടി രൂപയായാണ് കുറഞ്ഞത്. ഏപ്രിലിൽ 1,456.34 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 7 മാസത്തിനിടെ 10,058.75 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത മദ്യമാണ് വിൽക്കാൻ സാധിച്ചിട്ടുള്ളൂ.

ഈ വർഷം ഏപ്രിലിൽ 171.08 കോടി രൂപയുടെ ബിയർ വിറ്റഴിച്ചപ്പോൾ, ഒക്ടോബറിലെ വിൽപ്പന 105.43 കോടിയായാണ് ചുരുങ്ങിയത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ബിയറിന്റെ പ്രതിമാസ വിൽപ്പനയിൽ 65.65 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അടുത്തിടെ വിദേശ നിർമ്മിത മദ്യത്തിന് 12 ശതമാനം നികുതി കൂട്ടിയിരുന്നു. ഇതോടെയാണ് വിദേശ നിർമ്മിത മദ്യത്തിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ബെവ്കോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ദൃശ്യമാകുന്ന തളർച്ച മദ്യ വിൽപ്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.