ഫെഡ് ബാങ്ക് ഓഫ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) ഐപിഒയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നവംബർ 22 മുതലാണ് നിക്ഷേപകർ കാത്തിരുന്ന ഫെഡ്ഫിന ഐപിഒ നടക്കുക. മൂന്ന് ദിവസം നീളുന്ന ഐപിഒ നവംബർ 24ന് അവസാനിക്കും. നിലവിൽ, പ്രൈസ് ബാൻഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫെഡറൽ ബാങ്ക് പങ്കുവെച്ചിട്ടുണ്ട്. ഓഹരിക്ക് 133 രൂപ മുതൽ 140 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. പുതിയ ഓഹരികളുടെ വിൽപ്പനയും, ഓഫർ ഫോർ സെയിലുമാണ് ഇത്തവണത്തെ ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ നിക്ഷേപകരായ ട്രൂനോർത്ത് ഫണ്ടും ഓഫർ ഫോർ സെയിലിലൂടെ ഓഹരികൾ വിറ്റഴിക്കുന്നതാണ്.
ഐപിഒയിലൂടെ പരമാവധി 1,092.6 കോടി രൂപ സമാഹരിക്കാനാണ് ഫെഡ്ഫിനയുടെ നീക്കം. ഇതിലൂടെ സമാഹരിക്കുന്ന തുക ടിയർ-1 മൂലധന അടിത്തറ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കും. പുതു ഓഹരികൾ വഴി 600 കോടി രൂപയുടെ ഓഹരികളും, ഓഫർ ഫോർ സെയിലിലൂടെ 3.5 കോടി ഓഹരികളുമാണ് വിറ്റഴിക്കുക. ഏറ്റവും കുറഞ്ഞത് 107 ഓഹരികൾ വാങ്ങുന്നവർക്ക് ഐപിഒയിൽ പങ്കെടുക്കാനാകും. തുടർന്ന് 107 ഓഹരികളുടെ ഗുണിതങ്ങളായി വാങ്ങാവുന്നതാണ്. ചെറുകിട നിക്ഷേപകർ ഏറ്റവും ചുരുങ്ങിയത് 14,980 രൂപയെങ്കിലും നിക്ഷേപിച്ചാൽ മാത്രമാണ് ഓഹരി വാങ്ങാൻ സാധിക്കുകയുള്ളൂ. പരമാവധി 1,94,740 രൂപ വരെ നിക്ഷേപിക്കാനാകും.