ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഓരോ വർഷവും നിരവധി വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. ഇതിൽ പലരും കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് തിരഞ്ഞെടുക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരവുമായി റഷ്യൻ സർവകലാശാലകൾ എത്തിയിരിക്കുന്നത്.
റഷ്യൻ സർവകലാശാലകളിൽ ഉപരിപഠനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിൽ വലിയ രീതിയിലുള്ള ഇളവ് ലഭിക്കുന്നതാണ്. ജനറൽ മെഡിസിൻ, ഫിസിക്സ്, ന്യൂക്ലിയർ പവർ, എയറോനോട്ടിക്കൽ എൻജിനീയറിംഗ് എന്നിവ ഉൾപ്പെടെ വിവിധ കോഴ്സുകളിൽ റഷ്യയിലെ 766 സർവകലാശാലകളിൽ എവിടെ നിന്നും ബിരുദം നേടാൻ സാധിക്കും. കൂടാതെ, ഗവേഷണത്തിനുള്ള അവസരവും ലഭ്യമാണ്. നിലവിൽ, ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.