വൈദ്യുത വാഹന വിപണിയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യ, ടെസ്‌ല അടുത്ത വർഷം എത്തും
വൈദ്യുത വാഹന വിപണിയിൽ വരും വർഷങ്ങളിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതോടെയാണ് വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുക. അമേരിക്കൻ വാഹന കമ്പനിയായ ടെസ്‌ല അടുത്ത വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഇതിനായി വിവിധ വകുപ്പുകളുടെ അനുമതികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു.
അടുത്ത വർഷം ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ടെസ്‌ലയുടെ വരവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിപണിയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. ഒരു വർഷത്തിനകം തന്നെ ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതാണ്.
ആദ്യത്തെ രണ്ട് വർഷമാണ് ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്യുക. പിന്നീട് രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുന്നതാണ്. ഫാക്ടറി നിർമ്മിക്കുന്നതിനായി ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുന്നതാണ്. ഈ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിച്ചതിനുശേഷമാണ് അന്തിമ തീരുമാനം എടുക്കുക. നിക്ഷേപകരടക്കം ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഏറെക്കാലമായി കാത്തിരിക്കുകയാണ്. ജൂണിൽ അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും നടത്തിയ കൂടിക്കാഴ്ചയാണ് കരാറിന്റെ ആക്കം കൂട്ടിയത്.