കർണാടകയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കർണാടകയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇതിനായി 3300 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തുന്നതാണ്. ഇന്ത്യയിൽ ടൊയോട്ടയുടെ 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തിനിടെ ഇന്ത്യയിൽ 16,000 രൂപയുടെ നിക്ഷേപം ടൊയോട്ട നടത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ്, 3,300 കോടി രൂപ നിക്ഷേപിക്കുന്നത്. പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ് കർണാടകയിൽ നിർമ്മിക്കുക. ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി ടൊയോട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. നിലവിൽ, ടൊയോട്ടയുടെ രണ്ട് ഫാക്ടറികളാണ് ഇന്ത്യയിൽ ഉള്ളത്. ഇവ രണ്ടും കർണാടകയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് അനുബന്ധമായി തന്നെയാണ് പുതിയ പ്ലാന്റും സ്ഥാപിക്കുക.
രാജ്യത്ത് 25 വർഷം കൊണ്ട് 23 ലക്ഷം ഉപഭോക്താക്കളെ നേടാൻ ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. മികവുറ്റതും പരിസ്ഥിതി സൗഹൃദവുമായ കാറുകളാണ് ടൊയോട്ടയുടെ പ്രധാന പ്രത്യേകത. അതേസമയം, ടൊയോട്ട അടുത്തിടെ വിപണിയിൽ എത്തിച്ച ഇന്നോവ ഹൈക്രോസിന് ഒരു വർഷത്തെ വെയിറ്റിംഗ് കാലാവധി ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 18 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള, എംപിവിയാണ് ഇന്നോവ ഹൈക്രോസ്.