രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ക്രെഡിറ്റ് കാർഡ് ഉപയോഗം. സാമ്പത്തിക രംഗത്തെ മികച്ച ഉണർവിന്റെയും, ഉത്സവകാല കച്ചവടത്തിന്റെ ആവേശത്തിന്റെയും കരുത്തിലാണ് രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ ഉയർന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ 25.35 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒക്ടോബറിലെ ക്രെഡിറ്റ് കാർഡ് ഉപയോഗം 1.78 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബറിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 1.42 ലക്ഷം കോടി രൂപയായിരുന്നു. പൂജ ആഘോഷങ്ങളും, ദീപാവലിക്ക് മുന്നോടിയായുള്ള പർച്ചേസുമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം റെക്കോർഡിലേക്ക് കുതിക്കാൻ കാരണമായത്. കൂടാതെ, ബാങ്കുകളുടെ ലാഭം കുത്തനെ ഉയർന്നതോടെ പരമാവധി തുക വായ്പ വിതരണം കൂട്ടാനായി വ്യവസ്ഥകൾ ഉദാരമാക്കിയതും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്വൈപിംഗ് മെഷീൻ ഉപയോഗിക്കുന്ന പോയിന്റ് ഓഫ് കോൺടാക്ട് ഇടപാടുകൾ ഒക്ടോബറിൽ 57,774.35 കോടി രൂപയായി ഉയർന്നു. കൂടാതെ, ഇ-കോമേഴ്സ് ഇടപാടുകൾ 120,794.40 കോടി രൂപയിലെത്തി. ഒക്ടോബറിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിച്ചത് എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗം 6,511 കോടി രൂപ വർദ്ധിച്ച്, 45,173.23 കോടി രൂപയിലെത്തി. ക്രെഡിറ്റ് കാർഡ് വിപണിയിൽ 25 ശതമാനത്തിനടുത്ത് വിഹിതമാണ് എച്ച്ഡിഎഫ്സി ബാങ്ക് നേടിയിരിക്കുന്നത്. ഐസിഐസിഐ ബാങ്കുകളുടെ ഇടപാടുകൾ 34,158 കോടി രൂപയായും, ആക്സിസ് ബാങ്കിന്റെ ഇടപാടുകൾ 21,728.93 കോടി രൂപയായും ഉയർന്നു.