ഇന്ത്യൻ നിരത്തുകൾ കീഴടക്കി ‘ഊബർ ഷട്ടിൽ’, സേവനം ഇനി ഈ നഗരത്തിലും ലഭ്യം


ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിക്കാൻ ഊബറിന്റെ ബസ് സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ‘ഊബർ ഷട്ടിൽ’ എന്ന പേരിലുള്ള ഊബർ ബസ് സേവനം ഇനി കൊൽക്കത്ത നഗരത്തിലും ലഭ്യമാക്കാനാണ് ഊബറിന്റെ പദ്ധതി. നേരത്തെ ഡൽഹിയിലെ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഊബർ ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി മാറിയതോടെയാണ് കൊൽക്കത്തയിലേക്കും സർവീസുകൾ വ്യാപിപ്പിക്കുന്നത്. അടുത്ത വർഷം മാർച്ച് മാസത്തോടെ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ ഊബറിന്റെ ബസ് സർവീസ് നടത്തുന്നതാണ്. എയർ കണ്ടീഷനുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ഒരാഴ്ച മുൻപാണ് ബസുകളിലെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുക. ഊബർ ആപ്പ് വഴി തൽസമയ ലൊക്കേഷൻ അറിയാനും, റൂട്ടുകൾ ട്രാക്ക് ചെയ്യാനും സാധിക്കും. കൂടാതെ, എത്ര സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്ന സമയവും കണക്കാക്കാൻ സാധിക്കുന്നതാണ്. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് ഊബർ ഷട്ടിൽ സേവനം ഉണ്ടാവുക. ബസുകൾ നിരത്തിലിറക്കുന്നതിനു പുറമേ, കൊൽക്കത്തയിൽ 83 കോടി രൂപയുടെ നിക്ഷേപം നടത്താനും ഊബർ പദ്ധതിയിടുന്നുണ്ട്. കൊൽക്കത്തയിലും ഊബറിന്റെ ബസ് സേവനം വിജയകരമായാൽ, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇവ എത്തുന്നതാണ്.